അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിവരം ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലറെ പോക്‌സോ കേസില്‍ പ്രതിയാക്കി

കൊച്ചി - അധ്യാപകന്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാനായി സംഭവം ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലറെ പോക്‌സോ കേസില്‍ രണ്ടാം പ്രതിയാക്കി. കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ സംഭവം അറിഞ്ഞിട്ടും ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലര്‍ റിമി സാമ്പനെയാണ് പോക്സോ കേസില്‍ രണ്ടാം പ്രതിയാക്കിയത്. കുട്ടി പരാതി പറഞ്ഞിട്ടും കൗണ്‍സിലര്‍ വിവരം മൂടിവെക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാന്‍ നിയമിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍ ആണ് വിവരം മൂടിവെച്ചത്. ഒളിവില്‍ കഴിയുന്ന അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പോക്സോ കേസില്‍ പ്രതിയായിട്ടും അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ നടപടി സ്വീകരിച്ചിട്ടില്ല. മൂന്നാം ക്ലാസില്‍ പഠിക്കുന്ന അസം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് ഉപദ്രവിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ട് എന്ന് കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. സംഭവം നടന്ന് ഒരു മാസം ആയിട്ടും പ്രതി ഒളിവിലാണെന്നാണ് അമ്പലമുകള്‍ പോലീസ് പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അമ്പലമുകള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Latest News