ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫിഷ്യല്‍ ടീം ഫോട്ടോയില്‍ നടി അനുഷ്‌ക ശര്‍മ അണിനിരന്നത് വിവാദമാവുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയാണ് അനുഷ്‌ക. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ വിരുന്നിനിടയില്‍ എടുത്ത ടീം ഫോട്ടോയിലാണ് അനുഷ്‌കയുള്ളത്. മറ്റു കളിക്കാരുടെ ആരുടെയും പങ്കാളികള്‍ ചിത്രത്തിലില്ല. ബി.സി.സി.ഐ തന്നെയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്.
വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്ക് പിന്‍നിരയിലാണ് സ്ഥാനമെങ്കിലും മുന്‍നിരയില്‍ മധ്യത്തില്‍ തന്നെ അനുഷ്‌കയുണ്ട്.
കോഹ്‌ലിയുടെ മേധാശക്തിക്കു മുന്നില്‍ ബി.സി.സി.ഐ ഭാരവാഹികള്‍ക്കു പോലും നാവ് പൊക്കാനാവുന്നില്ലെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സില്‍ നിന്ന് രാജി സമര്‍പ്പിച്ചുള്ള കത്തില്‍ പ്രമുഖ ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനുമായിരുന്ന രാമചന്ദ്ര ഗുഹ ആരോപിച്ചിരുന്നു.