Sorry, you need to enable JavaScript to visit this website.

മലയാളം അടക്കം അഞ്ച് ഭാഷകളില്‍  എല്ലാം അറിയാന്‍ 'അയ്യന്‍' ആപ്പ് പുറത്തിറക്കി

പത്തനംതിട്ട- ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായമാകുന്ന തരത്തില്‍ അയ്യന്‍ മൊബൈല്‍ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല  സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം  ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്.
പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്ത് നിന്ന് അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലുള്‍പെടുത്തിയിട്ടുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന 'അയ്യന്‍' ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആപ്പ് പ്രവര്‍ത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും. കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളില്‍ എത്തിപ്പെടുന്ന അയ്യപ്പഭക്തര്‍ക്ക് സഹായകരമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest News