കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം;  ചെലവുകള്‍ ചുരുക്കണമെന്ന് ധനവകുപ്പ് 

തിരുവനന്തപുരം- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പിന്റെ ആവശ്യം. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, ഫര്‍ണീച്ചര്‍ വാങ്ങല്‍, വാഹനം വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവിറക്കിയത്.
ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികള്‍ ചെലവഴിച്ച് 'കേരളീയം' എന്ന പേരില്‍ സംഘടിപ്പിച്ച ധൂര്‍ത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. കേരളീയത്തിന് ആരൊക്കെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയത്? അതിന്റെ വിശദവിവരങ്ങളും പുറത്ത് വിടണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ട സര്‍ക്കാരാണ് ഒരു കൂസലുമില്ലാതെ പൊതുപണം ധൂര്‍ത്തടിക്കുന്നത്. പ്രത്യേക പരിഗണന നല്‍കി പൊതുസമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ട ആദിവാസി, ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദര്‍ശന വസ്തുവാക്കിയത് സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ്. പൊതുപണം കൊള്ളയടിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിക്കുന്നു.

Latest News