ശസ്ത്രക്രിയ പാതിയാക്കി ഡോക്ടര്‍ ഇറങ്ങിപ്പോയി; കാരണം ചായ കൊടുക്കാത്തത്  

നാഗ്പൂര്‍- ശസ്ത്രക്രിയയ്ക്കിടയില്‍ ഏതെങ്കിലുമൊരു ഡോക്ടര്‍ ചായയ്ക്കു ചോദിച്ചതായി ഇന്നേവരെ കേട്ടിട്ടുണ്ടോ. ചോദിച്ച ചായ കിട്ടാത്ത ദേഷ്യത്തിന് ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഡോക്ടര്‍ ഇറങ്ങിപ്പോയെന്നും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടോളൂ. സംഭവം നടന്നത് നാഗ്പൂരിലാണ്. 

നാഗ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് ശസ്ത്രക്രിയക്കിടയില്‍ ചോദിച്ച ചായ കിട്ടാത്ത ദേഷ്യത്തില്‍ പാതി വഴിയില്‍ പണി നിര്‍ത്തി ഇറങ്ങിപ്പോയത്. മഹാരാഷ്ട്രയില്‍ നവംബര്‍ മൂന്നിനാണ് ഈ സംഭവം നടന്നത്. 

മടുവാ തെഹ്സിലെ ഹെല്‍ത്ത് സെന്ററില്‍ എട്ട് സ്ത്രീകള്‍ക്കാണ് അന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഡോ. തേജ് രംഗ് ഭല്‍വിയാണ് ചുമതലയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍.

നാല് സ്ത്രീകളുടെ ശസ്ത്രക്രിയ നടന്നതിന് ശേഷം മറ്റുള്ളവര്‍ക്ക് അനസ്തേഷ്യ നല്‍കുന്ന തിരക്കിലാണ് ഡോ. ഭല്‍വി ആശുപത്രി ജീവനക്കാരനോട് ചായ ആവശ്യപ്പെട്ടത്. താന്‍ ഹോട്ടലിലെ വെയിറ്ററല്ലെന്ന് ആശുപത്രി ജീവനക്കാരന്‍ ചിന്തിച്ചതുകൊണ്ടാണോ എന്തോ, ചോദിച്ച ചായ ഡോക്ടര്‍ക്ക് കിട്ടിയില്ല. ഇതോടെ ഡോക്ടര്‍ ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു. 

ഈ സമയത്ത് ആശുപത്രി അധികൃതര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍ വലിയ അപകടങ്ങളില്ലാതെ ശസ്ത്രക്രിയ ബാക്കിയുണ്ടായിരുന്ന നാല് സ്ത്രീകളും രക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കുകയും ഉടന്‍ മറ്റൊരു ഡോക്ടര്‍ എത്തി നാല് സ്ത്രീകളെടേയും ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. 

വിഷയത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് മേധാവി സൗമ്യ ശര്‍മ്മ അറിയിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഡോക്ടര്‍മാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും പിന്‍മാറിയാല്‍ നടപടി ഉണ്ടാകുമെന്നും സൗമ്യ ശര്‍മ്മ അറിയിച്ചു.

Latest News