ഫലസ്തീനിൽ ഗാസ കേന്ദ്രമാക്കി ഒരു മാസത്തിലേറെയായി തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ മേഖലയിലെ മറ്റു രാജ്യങ്ങളൊന്നും ഇടപെടരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആ മേഖലയിലേക്കുള്ള സന്ദർശനവേളയിൽ ആജ്ഞാപിക്കുകയുണ്ടായി. സംഘർഷ മേഖലയിൽ ഇതിനകം തമ്പടിച്ചിട്ടുള്ള അമേരിക്കൻ ആയുധസന്നാഹങ്ങൾക്കൊപ്പം അവരുടെ യുദ്ധക്കപ്പലുകളും മധ്യധരണ്യാഴിമുഖത്തെത്തിക്കഴിഞ്ഞുവെന്നോർക്കണം.
നീതിരഹിതമായ ഈ സംഘർഷത്തിൽ ബ്ലിങ്കന്റെ അമേരിക്കയും ബ്രിട്ടീഷ് നേതൃത്വവും അവരുടെ മറ്റ് യൂറോപ്യൻ ആജ്ഞാനുവർത്തികളുമെല്ലാം സർവസജ്ജമായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുകയും ഗാസയിലെ വെടിനിർത്തൽ എന്ന ആവശ്യം നിരാകരിക്കുകയും ചെയ്യുന്ന സമയത്താണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ കൽപന. മേഖലയിൽ സമാധാനം എന്ന അടിയന്തരാവശ്യത്തെ ഈ പറഞ്ഞ ശക്തികളൊന്നും പിന്തുണക്കുന്നില്ല. സംഘടിതമായി വൻതോതിൽ കൂട്ടക്കൊല നടത്തുന്ന 'ഇസ്രായിലി തഗ്ഗു' കളെ അമേരിക്കയും കൂട്ടരും നിർലജ്ജം ന്യായീകരിക്കുന്നു. കൂട്ടഹത്യക്ക് തടയിടാനുള്ള എല്ലാ നീക്കങ്ങളേയും അവർ എതിർക്കുകയാണ്.
ഓർക്കുക, ഗാസാ മുനമ്പിന് മുകളിൽ 25,000 ടൺ ശേഷിയുള്ള അതിമാരകമായ ബോംബ് സ്‌ഫോടനങ്ങളാണ് ഇസ്രായിലി സൈന്യം നടത്തിയത്. ഹിരോഷിമ-നാഗസാക്കിയിൽ വാഷിംഗ്ടൺ വർഷിച്ച അണുബോംബിനേക്കാൾ ശക്തിയുള്ള ബോംബാക്രമണമാണ് ഇസ്രായിൽ ഗാസയിൽ നടത്തിയത്. കുഞ്ഞുങ്ങളുൾപ്പെടെ ആയിരങ്ങളെ കൊന്നൊടുക്കിയപ്പോൾ സ്വതന്ത്ര രാജ്യങ്ങളെന്ന് അഹങ്കരിക്കുന്ന വൻശക്തികൾക്കൊന്നും ശബ്ദമുണ്ടായിരുന്നില്ല. ഇസ്രായിലി അക്രമത്തിന് അന്ത്യം കുറിക്കണമെന്ന ലോകത്തിന്റെ ആവശ്യത്തോട് മൗനമായിരുന്നു അവരുടെ പ്രതികരണം. നിരപരാധികളുടെ വംശഹത്യയൊന്നും ഈ രാജ്യനേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല.
ഈ ലേഖനം തയാറാക്കുന്നത് വരെ ഇതിനകം പതിനായിരത്തിലധികമാളുകൾ ഫലസ്തീനിൽ കൊല്ലപ്പെട്ടു. കാൽ ലക്ഷം പേർക്ക് ബോംബാക്രമണങ്ങളിൽ പരിക്കേറ്റു. അവരിൽ ഗുരുതരമായി കഴിയുന്ന ഏറെപ്പേരുണ്ട്. ഒരു ഇസ്രായിലി എഴുത്തുകാരി ചൂണ്ടിക്കാട്ടിയത് പോലെ യുദ്ധത്തിൽ വിജയം കൈവരിക്കുകയെന്ന അന്തിമ ലക്ഷ്യമാണ് ഏത് യുദ്ധക്കൊതിയന്മാരുടേയും അത്യാഗ്രഹം. അതിനവർ ഏതറ്റം വരെയും പോകും. എല്ലാ യുദ്ധമോഹികളും വിജയം നേടാനായി കൊന്നൊടുക്കിയവരുടെ കണക്ക് കണ്ടാൽ അമ്പരന്നുപോകും.
വിസ്മരിക്കാതിരിക്കുക, വിയറ്റ്‌നാമിലെ യുദ്ധത്തിൽ ഏഴു ലക്ഷം മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഫ്രാൻസ് അഴിച്ചുവിട്ട ഭീകര യുദ്ധത്തിൽ പത്ത് ലക്ഷം അൾജീരിയക്കാർ കൊല്ലപ്പെട്ടു. ഈ യുദ്ധങ്ങൾ തുടങ്ങിവെച്ചത് വിയറ്റ്‌നാമോ അൾജീരിയയോ ആയിരുന്നില്ല. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയന്റെ അധീശത്വം തകർക്കുന്നതിനും സോവിയറ്റ് സാന്നിധ്യം ഇല്ലാതാക്കാനും അന്നത്തെ യാങ്കിപ്പടയെ വിയറ്റ്‌നാമിലേക്കയച്ചുകൊണ്ടാണ് അമേരിക്ക കൂട്ടക്കൊല നടത്തിയത്. അന്യായമായി അതിരുകൾ തുരന്ന് കടന്നുകയറി കോളനി സ്ഥാപിച്ച ഫ്രാൻസിനെതിരെയുള്ള ധീരമായ അൾജീരിയൻ ജനതയുടെ ചെറുത്തുനിൽപാണ് ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള കൂട്ടഹത്യയിൽ അവസാനിച്ചത്. അത് പോലെ അഡോൾഫ് ഹിറ്റ്‌ലർ കൊലപ്പെടുത്തിയത് അറുപത് ലക്ഷം ജൂതന്മാരെയാണ്.
ഇസ്രായിലിപ്പോൾ തുറന്നുവിട്ട ഈ യുദ്ധത്തിന്റെ കുരുതിക്കാറ്റ്, അവർ അവകാശപ്പെടുന്നത് പോലെ ഹമാസിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ഐക്യരാഷ്ട്ര സഭയിൽ ഇസ്രായിൽ പ്രതിനിധി കാണിച്ചുകൊടുത്ത അവരുടെ സ്വപ്‌നത്തിലുള്ള ഭൂപടത്തിന്റെ വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള, റിഹേഴ്‌സൽ എന്ന നിലയിലുള്ള, ഫലസ്തീനു മേലുള്ള അക്രമോൽസുകമായ പുതിയൊരു അധിനിവേശത്തിന്റെ വെടിയൊച്ചകൾ കൂടിയാണ്. ഫലസ്തീന്റെ അതിരുകളിൽ ഇസ്രായിലിന്റെ കൊടി നാട്ടാനും ഫലസ്തീനികളുടെ അവശേഷിക്കുന്ന ഭൂവിഭാഗം അന്യായമായി കവർന്നെടുക്കാനുമുള്ള ഒരു മോഷ്ടാവിന്റെ തത്രപ്പാടിലാണ് ഇസ്രായിലി നേതൃത്വം.
അതിരുകൾ വെട്ടിപ്പിടിക്കാനുള്ള കുടില തന്ത്രമാണ് ഹമാസിനെതിരെയുള്ള അവരുടെ മുദ്രാവാക്യത്തിൽ ഒളിഞ്ഞിരിക്കുന്നത്. സീനായ്, ജോർദാൻ, ലെബനോന്റെയും ഇറാഖിന്റെയും ചില ഭാഗങ്ങൾ- ഇവയൊക്കെ വെട്ടിപ്പിടിച്ച് തങ്ങളുടെ ലോകം വലുതാക്കാമെന്നാണ് ഇസ്രായിലിന്റെ വ്യാമോഹം.ഓരോ പ്രവൃത്തിക്കും അതിന്റേതായ പ്രതിപ്രവർത്തനവുമുണ്ടെന്നതാണല്ലോ ശാസ്ത്ര നിശ്ചയം. അതുകൊണ്ടാണ് ഇസ്രായിലിലെ പുതിയ തലമുറ അവരെ ആയുധമണിയിക്കുന്നതിനുള്ള ഭരണ നേതൃത്വത്തിന്റെ യുദ്ധക്കൊതിക്കെതിരെ ഇസ്രായിലിനകത്ത് നിന്നുകൊണ്ട് തന്നെ ശബ്ദമയുർത്തുന്നത്. ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികൾ ഇസ്രായിലി- അമേരിക്കൻ അച്ചുതണ്ടിന്റെ യുദ്ധക്കൊതിക്കെതിരെ വ്യാപകമായ രീതിയിൽ പ്രതിഷേധിക്കുന്നതായാണ് ഓരോ ദിവസത്തെയും വാർത്തകൾ. വിവേചനത്തിനെതിരായ പ്രതിരോധവുമായി ജീവിക്കുന്ന ഒരു കൊച്ചുരാജ്യത്തിലെ നിരായുധരായ ജനതയെ നിർദയം കൊന്നൊടുക്കുന്നതിനെതിരെ ലോകമെങ്ങുമുള്ള സമാധാന കാംക്ഷികളുടെ ഉച്ചത്തിലുള്ള ശബ്ദമുയരുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം. അവരവരുടെ കർമത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസം പോലെ ഫലസ്തീൻ ജനതയുടെ ഓരോ സൽകർമത്തിനും അതിന്റേതായ പ്രതിഫലം അവരെത്തേടിയെത്തും എന്ന കാര്യം ഉറപ്പ്.






