ന്യൂയോര്‍ക്ക്- കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. വാക്സിന്‍ പ്രതിരോധത്തെ മറികടന്നേക്കുന്നതായിരിക്കാം പുതിയ വകഭേദമെന്നാണ് ആശങ്ക.
സെപ്റ്റംബറിലാണ് ജെഎന്‍1 എന്ന പുതിയ വകഭേദത്തെ ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ജെഎന്‍1 കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിഎ 2.86 വകഭേദത്തില്‍ നിന്നാണ് ജെഎന്‍1 ഉണ്ടായിരിക്കുന്നത്. ചൈനയിലും യു. എസിലും യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ രീതിയില്‍ ബാധിച്ച ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നായിരുന്നു ബിഎ 2.86ന്റെ പിറവി. ബിഎ 2.86ഉം ജെഎന്‍1ഉം തമ്മില്‍ ഒരു പ്രോട്ടീനിന്റെ വ്യത്യാസം മാത്രമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതുമാണ് പുതുതായി കണ്ടെത്തിയ വകഭേദം എന്നാണ് സ്‌ക്രിപ്സ് റിസേര്‍ച്ച് ട്രാന്‍സ്‌ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോള്‍ പറയുന്നത്. കോവിഡ് ഉള്ളിടത്തോളം പുതിയ വകഭേദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പഴയതിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങള്‍ മാത്രമാകും പുതിയ വകഭേദങ്ങള്‍ക്ക് ഉണ്ടാവുക.
പനി, വിറയന്‍, ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം, ശരീരവേദന, തലവേദന, രുചിയും മണവും നഷ്ടപ്പെടുക, തൊണ്ട വേദന, മൂക്കടപ്പ്, ഛര്‍ദ്ദി, വയറിളക്കം എന്നിവ തന്നെയാണ് ജെഎന്‍1ന്റേയും രോഗലക്ഷണങ്ങള്‍.






