മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പറിന് രൂപം നൽകാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ തട്ടിപ്പുകൾ അടക്കം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉപയോക്താക്കളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
മൊബൈൽ ഉപയോക്താക്കൾക്കായുള്ള തിരിച്ചറിയൽ കാർഡ് എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുക. ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ നീക്കം. ഫോണുകളുടെ എണ്ണം, സിം കാർഡുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ഇതിനു പുറമെ സിംകാർഡ് ആക്ടീവ് ആണോ, ഒരാളുടെ പേരിൽ എത്ര സിംകാർഡ് ഉണ്ട് തുടങ്ങി വിവിധ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ഇതുവഴി സാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ട് പോലെയായിരിക്കും ഈ തിരിച്ചറിയൽ നമ്പർ. രോഗിയുടെ ആരോഗ്യ ചരിത്രം റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതിനാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ട്. സമാനമായ നിലയിൽ മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങളാണ് തിരിച്ചറിയൽ നമ്പറിൽ ഉണ്ടാവുക. തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൊബൈൽ ഉപയോക്താക്കൾക്കായി തിരിച്ചറിയൽ നമ്പർ അവതരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. വ്യാജ സിംകാർഡുകളുടെ നിർമാണം അടക്കമുള്ളവ തടയാൻ ഇതുവഴി സാധിക്കും. സിംകാർഡ് ട്രാക്ക് ചെയ്യാനും പ്രയോജനം ചെയ്യും. മൊബൈൽ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു.