Sorry, you need to enable JavaScript to visit this website.

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്കുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും

ആലുവ - ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് നല്‍കേണ്ട ശിക്ഷയെക്കുറിച്ച് ഇന്ന് കോടതിയില്‍ വാദം നടന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുര്‍ഗന്ധം പോലും ശ്വസിക്കാന്‍ അനുവദിക്കാതെ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയെന്നും പ്രൊസിക്യൂന്‍ ചൂണ്ടിക്കാട്ടി.
മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി ചെയ്തത്. പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേ സമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി അസഫാക് ആലം കോടതിയില്‍ ആവര്‍ത്തിച്ചു.   പ്രതിയുടെ മാനസിക നില പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ സ്വതന്ത്ര ഏജന്‍സി പ്രതിയുടെ മാനസിക നില  പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 27 വയസാണ് അസ്ഫാക് ആലത്തിന്റെ പ്രായം. 

 

Latest News