Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാർക്ക് മക്ക ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

മക്ക - മക്ക ബസ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ അനുവദിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഈ മാസം ഒന്നു മുതലാണ് മക്ക ബസ് പദ്ധതിയിൽ ഔദ്യോഗിക സർവീസുകൾ ആരംഭിച്ചത്. ഇതിനു മുമ്പ് നടത്തിയ പരീക്ഷണ സർവീസുകൾ വൻ വിജയമായിരുന്നു. 
മക്ക ബസ് പദ്ധതിയിൽ സിംഗിൾ ടിക്കറ്റ് നിരക്ക് നാലു റിയാലാണ്. വാങ്ങിയ ശേഷം രണ്ടു ദിവസമാണ് ടിക്കറ്റ് കാലാവധി. ഉപയോഗിക്കുമ്പോൾ 90 മിനിറ്റാണ് ടിക്കറ്റ് കാലാവധി. പ്രതിദിന, പ്രതിവാര, പ്രതിമാസ, വാർഷിക ടിക്കറ്റുകൾ ലഭ്യമാണ്. ചില ബസ് സ്റ്റോപ്പുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുണ്ട്. മക്ക ബസ് പദ്ധതി യൂനിഫോം ധരിച്ച സെയിൽസ്മാന്മാരും ടിക്കറ്റ് വിൽക്കുന്നു. കൂടാതെ മക്ക ബസ് പദ്ധതി ആപ്പും വെബ്‌സൈറ്റും വഴിയും ടിക്കറ്റുകൾ വാങ്ങാൻ ലഭിക്കുമെന്നും മക്ക റോയൽ കമ്മീഷൻ പറഞ്ഞു. 
മക്കയിൽ ഗതാഗത സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് മക്ക ബസ് പദ്ധതി. ഉപയോക്താക്കളുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും മക്കയിലെങ്ങും വേഗത്തിലും എളുപ്പത്തിലുമുള്ള യാത്ര സാധ്യമാക്കാനും നഗരത്തിൽ ഗതാഗതത്തിരക്കും കാർബൺ ബഹിർഗമനവും കുറക്കാനും ബസ് പദ്ധതി സഹായിക്കുന്നു. 
പരീക്ഷണ കാലത്ത് മക്ക ബസ് പദ്ധതിയിൽ 15 ലക്ഷം സർവീസുകൾ നടത്തിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. മക്കയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 400 ബസുകൾ സർവീസ് നടത്തുന്നത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയും പ്രധാന വിദ്യാഭ്യാസ, വിനോദ, ചരിത്ര കേന്ദ്രങ്ങളിലേക്കും ഹറമിലേക്കുമുള്ള യാത്ര എളുപ്പാക്കുകയും ചെയ്യുന്നു. മക്ക ബസ് പദ്ധതിക്കു കീഴിൽ 435 ബസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ നാലെണ്ണം സെൻട്രൽ സ്റ്റേഷനുകളും 25 എണ്ണം എയർ കണ്ടീഷൻ ചെയ്ത സ്റ്റേഷനുകളുമാണ്.
 

Latest News