നിയമസഭാ സാമാജികര്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി - നിയമസഭാ സാമാജികര്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. വിചാരണ വേഗത്തിലാക്കാന്‍ സ്വമേധയാ നടപടികള്‍ ആരംഭിക്കണമെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ചുമതലപ്പെടുത്തി.പൊതുപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനും കുറ്റവാളികളെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ ബോഡികളില്‍ നിന്ന് ആജീവനാന്തം വിലക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായി ഹൈക്കോടതികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹൈക്കോടതികള്‍ ഈ കേസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് ചുമതല നല്‍കണം. ആവശ്യമെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബെഞ്ചിന് തേടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

Latest News