Sorry, you need to enable JavaScript to visit this website.

അവരുടെ മോഹം കെ.എം.സി.സി സഫലമാക്കി; ഉംറ നിര്‍വഹിക്കാന്‍ നൂറംഗ സംഘം

കൊണ്ടോട്ടി/ദമാം- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ആരംഭിച്ച ഇഹ്ത്തിഫാല്‍ 2023 വാര്‍ഷിക കാമ്പയിനില്‍ നൂറു പേര്‍ക്ക് വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ അവസരം. കരിപ്പൂരില്‍നിന്ന് 100 അംഗ തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഉംറ തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന്  വിവിധ കെഎംസിസി ഘടകങ്ങള്‍ ശുപാര്‍ശ ചെയ്ത  നിസ്വാര്‍ത്ഥയ സാമൂഹിക പ്രവര്‍ത്തകരും വിധവകളും അടങ്ങുന്നതാണ് സംഘം. വിശുദ്ധ ഭൂമിയില്‍ എത്തിപ്പെടാന്‍ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന
നൂറോളം വരുന്ന പ്രവര്‍ത്തകര്‍ക്കാണ്  മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സ്‌നേഹ സമ്മാനമായി ഉംറ അവസരമൊരുക്കിയത്.
മക്ക,മദീന എന്നിവിടങ്ങളില്‍ ഉംറ,സിയാറത്ത് എന്നിവ പൂര്‍ത്തിയാക്കിയ ശേഷം സൗദിയിലെ ബു റൈദ ,റിയാദ് എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘം നവമ്പര്‍ 17 ന് കീഴക്കന്‍ പ്രവിശ്യാ കെഎംസിസി ആസ്ഥാനമായ ദമാമില്‍ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തില്‍ പങ്കെടുക്കും.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് തിരിക്കുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാം വഴി മടങ്ങുന്ന   100 അംഗങ്ങള്‍ക്കും 15 കിലോ വീതം അടങ്ങുന്ന ഗിഫ്റ്റ് നല്‍കും.
ഫ്‌ളൈസഡ്  ട്രാവല്‍സ് ആണ് സേവനമൊരുക്കിയത്.  ഫ്‌ലൈസഡ് എംഡി യും ദമാമിലെ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ അബൂജിര്‍ഫാസ് മൗലവി തീര്‍ത്ഥാടക സംഘത്തിന്റെ  ചീഫ്  അമീര്‍ ആണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ്  ദമാമില്‍ ഇഹ് തിഫാല്‍ 2023 കാമ്പയിന് തുടക്കം കുറിച്ചത്.  സൗദിയിലെ വിവിധ നഗരങ്ങളിലുള്ള എട്ട് സെന്‍ട്രല്‍ കമ്മിറ്റികളും, 11  ജില്ലാ കമ്മിറ്റികളും അതിനു കീഴിലുള്ള ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ക്ക് കീഴില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
വാര്‍ത്താ സമ്മേളനത്തില്‍  കെഎംസിസി നേതാക്കളായ   ആക്റ്റിങ് പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടുവള്ളി , ആക്റ്റിങ് ജനറല്‍ സെക്രട്ടറി എ.ആര്‍.സലാം ആലപ്പുഴ , ട്രഷറര്‍ അഷ്‌റഫ് ഗസാല്‍ ,വൈസ് പ്രസിഡന്റ് മാരായ ,അബ്ദുല്‍ ഖാദര്‍ മാസ്‌റ്റെര്‍ വാണിയമ്പലം , അമീര്‍ അലി കൊയിലാണ്ടി ,എ.കെ .എം.നൗഷാദ് തിരുവനന്തപുരം , ജോയിന്റ് സെക്രട്ടറി മാരായ ഒ.പി. ഹബീബ് ബാലുശ്ശേരി , ടി.ടി.കരീം വേങ്ങര എന്നിവര്‍ സംബന്ധിച്ചു.

 

Latest News