Sorry, you need to enable JavaScript to visit this website.

ഇസ്രായിലിനെ വിമര്‍ശിച്ചെന്ന പേരില്‍ ഫലസ്തീന്‍- അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ പ്രമേയം

വാഷിംഗ്ടണ്‍- ഇസ്രായിലിനെ വിമര്‍ശിച്ചെന്ന പേരില്‍ യു. എസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍- അമേരിക്കന്‍ ഡെമോക്രാറ്റിക് അംഗം റാഷിദ തലാബിനെതിരെ പ്രമേയം. ഇരുപത്തിരണ്ട് ഡമോക്രാറ്റുകള്‍ ഉള്‍പ്പെടെ റാഷിദയ്‌ക്കെതിരെ വോട്ട് ചെയ്തു. 188നെതിരെ 234 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്. 

നദി മുതല്‍ കടല്‍ വരെ, ഫലസ്തീന്‍ സ്വതന്ത്രമാകും എന്ന മുദ്രാവാക്യം ഉപയോഗിച്ചതിനാണ് മിഷിഗണ്‍ ഡെമോക്രാറ്റ് റാഷിദ തലൈബിനെതിരെ കോണ്‍ഗ്രസില്‍ പ്രമേയം പാസായത്. ഇസ്രായില്‍ രാഷ്ട്രത്തെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിന് പ്രമേയം ഔപചാരികമായി അപലപിക്കുകയാണെന്നാണ് പറഞ്ഞത്. 

ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ഇസ്രായില്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭൂമിയും ഫലസ്തീനികളുടെ നിയന്ത്രണത്തിനെന്ന് വിമര്‍ശകര്‍ പറയുന്ന ഗാനം ഉപയോഗിച്ചുള്ള ക്ലിപ്പ് ഉള്‍പ്പെടുന്ന ഒരു വീഡിയോ വെള്ളിയാഴ്ച തലൈബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗാസയിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതായും വീഡിയോ കുറ്റപ്പെടുത്തി.

ലോകമാകെയുള്ള പ്രതിഷേധങ്ങളില്‍ ഉപയോഗിക്കുന്ന മുദ്രാവാക്യം ഇസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനമാണെന്ന് ആന്റി ഡിഫമേഷന്‍ ലീഗും ജൂത ഗ്രൂപ്പുകളും പറയുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ഇസ്രോയിലിന്റെ വെസ്റ്റ്ബാങ്കിലെ അധിനിവേശവും ഗാസ ഉപരോധവും അവസാനിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ വാദിക്കുന്നു. ഇസ്രായിലിനെ ഇല്ലാതാക്കാന്‍ ഇതുദ്ദേശിക്കുന്നില്ല. 

സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള അഭിലാഷപരമായ ആഹ്വാനമാണെന്നും മരണത്തിനോ നാശത്തിനോ വിദ്വേഷത്തിനോ വേണ്ടിയല്ലെന്നും പിന്നീട് മുദ്രാവാക്യം ഉപയോഗിച്ചതിനെ കുറിച്ച് താലിബ് പറഞ്ഞു. 

ഫലസ്തീന്‍ ജനത ഡിസ്‌പോസിബിള്‍ അല്ലെന്നും മറ്റാരെയും പോലെ തങ്ങളും മനുഷ്യരാണെന്നും താലിബ് പറഞ്ഞു.

Latest News