തൊടുപുഴ- കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ പ്രതികള്‍ക്ക് ധൈര്യം പകര്‍ന്നത് പൂജാരിയുടെ ഉപദേശം. കൊല്ലാന്‍ പറ്റിയ സമയം ഉപദേശിച്ചതും പോലീസ് പിടിക്കില്ലെന്ന് ഗണിച്ചു പറഞ്ഞതും പൂജാരി. പൂജാരിയെയും കേസില്‍ പ്രതിയാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷ്, തൊടുപുഴ കീരികോട് സ്വദേശി ലിബീഷ് ബാബു എന്നിവരാണു കുറ്റകൃത്യം നടത്തിയാല്‍ രക്ഷപ്പെടുമോയെന്നറിയാന്‍ പൂജാരിയെ സമീപിച്ചത്. രക്ഷപ്പെടുമെന്നാണു പൂജാരി ഗണിച്ചു നോക്കി ഉറപ്പു പറഞ്ഞത്. നല്ല സമയമാണോ എന്നു നോക്കണമെന്നും ഇരുവരും പൂജാരിയോട് ആവശ്യപ്പെട്ടു. നല്ല സമയമാണെന്നു പൂജാരി ഉറപ്പു പറഞ്ഞതോടെയാണ് ഇവര്‍ കുറ്റകൃത്യത്തിനിറങ്ങിയത്. കൊലപാതകം നടത്തുന്നതിനു മുമ്പ് അടിമാലിക്കാരനായ പൂജാരിയുടെ അടുത്തെത്തി കോഴിയെ ബലി നല്‍കി. മൂന്നു പേരും ചേര്‍ന്നാണു കോഴിയെ കൊന്നത്. ഇതിനു ശേഷമാണു രണ്ടുപേരും കമ്പകക്കാനത്തെത്തി നാലംഗ കുടുംബത്തെ വകവരുത്തിയത്. കൃഷ്ണനെയും കുടുംബത്തെയും വകവരുത്തി വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടിയ പ്രതികള്‍ കുഴിയില്‍ ആസിഡ് ഒഴിച്ചതായും പോലീസ് പറയുന്നു. വീട്ടില്‍നിന്നു മോഷ്ടിച്ച സ്വര്‍ണം മറ്റൊരാളുടെ സഹായത്തോടെ 40,000 രൂപയ്ക്കു പണയം വെച്ചു. സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ച ആളും പൂജാരിയും കേസില്‍ പ്രതിയാകുമെന്ന് ഇടുക്കി പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.