കേരളത്തെ വീണ്ടെടുക്കാൻ മലയാളികൾ വാങ്ങി ദാനം ചെയ്യേണ്ട ഒരു പുസ്തകം

'നാം മുസ്ലിംകളുടെ കൂടെ വളരെ നാള്‍ വസിച്ചിട്ടുണ്ട്. അവരോടൊരുമിച്ച് ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. മത്സ്യ മാംസങ്ങള്‍ അന്നുപയോഗിച്ചിട്ടുണ്ട്. അവരുടെ കുട്ടികളെ നാം എടുക്കുകയും ചോറുവാരി കൊടുക്കുകയും ചെയ്തിട്ടുണ്ട്.'
ശ്രീനാരായണ ഗുരുവിന്റേതാണ് ഈ പ്രസ്താവനയെങ്കിലും കേരളത്തിലെ ബഹുഭൂരിഭാഗം ഇതര മതവിശ്വാസികളുടേയും അനുഭവം ഇതു തന്നെയാണ്. ഈ അനുഭവങ്ങള്‍ക്കുമേല്‍ വെറുപ്പും വിദ്വേഷവും പടര്‍ത്താനാണ് ഇപ്പോള്‍ ആസൂത്രിത ശ്രമം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടേയും ടെലിവിഷന്‍ ചാനലുകളിലൂടേയും അപര വിദ്വേഷവും മുസ്‌ലിം വെറുപ്പും പടര്‍ത്താനുള്ള ശ്രമങ്ങളാണ് നിര്‍ലജ്ജം തുടരുന്നത്. വ്യാജ വാര്‍ത്തകളും വിദ്വേഷവും പടച്ചുണ്ടാക്കാന്‍ ഫാക്ടറികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഏതു ഫേക്ക് ന്യൂസും നിമിഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് ഗ്രൂപ്പുകളിലെത്തിക്കാന്‍ സൈബര്‍ ആര്‍മി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.  
ഈ പശ്ചാത്തലത്തിലാണ് കരുണാവാന്‍ നബി മുത്ത് രത്‌നം എന്ന തലക്കെട്ടില്‍ പ്രവാസ ലോകത്തെ ഒരു എഴുത്തുകാരന്‍ ഒരു ഗ്രന്ഥമിറക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അബ്ദുറഹ്്മാന്‍ തുറക്കലാണ് ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ ഇങ്ങനെയൊരു ദൗത്യം നിര്‍വഹിച്ചത്.
കരുണാവാന്‍ നബി മുത്ത് രത്‌നം എന്നത് ശ്രീനാരായണ ഗുരു അനുകമ്പാദശകത്തില്‍ കുറിച്ച വരിയാണ്. ഇന്ത്യയില്‍ നബിയെ കാരുണ്യത്തില്‍ ചാലിച്ചെഴുതിയ മറ്റൊരു വാക്യം ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയില്ല. ഇതേ തലക്കെട്ട് തന്നെ ഗ്രന്ഥകാരന്‍ സ്വീകരിച്ചത് ബോധപൂര്‍വമായിരിക്കാം.
മുസ്‌ലിം അപരവല്‍ക്കരണം ലക്ഷ്യമാക്കി സംഘ്പരിവാര്‍ ശക്തികള്‍ ദേശീയതലത്തില്‍ നടത്തിവരുന്ന മാതൃകയില്‍ കേരളത്തിലും വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി വിളവെടുക്കാന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ മുസ്ലിംകളിലെ വിവേകികള്‍ക്ക് രണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്.  പ്രകോപിപ്പിക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് മുസ്ലിം യുവാക്കള്‍ ആത്യന്തികതയിലേക്ക് നീങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം വിദ്വേഷ പ്രചാരണങ്ങള്‍ വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പൊതുബോധത്തെ സംയമനത്തോടെ തിരുത്തണം. കൈവെട്ടുന്നവരേയും കൈവെട്ടാന്‍ പ്രകോപിപ്പിക്കുന്നവരേയും തടയണമെന്നര്‍ഥം. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പോലും രൂപപ്പെട്ടിരിക്കുന്ന പൊതുബോധമാണ് കളമശ്ശേരിയില്‍ യഹോവ സമ്മേളനത്തില്‍ നടന്ന ബോംബ് സ്‌ഫോടനം പുറത്തുകൊണ്ടുവന്നത്. പ്രതി ഒരു മുസ്ലിമല്ലാത്തതുകൊണ്ട് വളരെ വേഗം ഈ സ്‌ഫോടന സംഭവം പൊതമണ്ഡലത്തില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിരിക്കുന്നു.
ഹിന്ദു മതത്തേയും ഹിന്ദുത്വത്തേയും വേര്‍തിരിച്ച് മനസ്സിലാക്കുന്നതോടൊപ്പം സമൂഹിക മേഖലയില്‍ മുസ്ലിം വിദ്വേഷം പടര്‍ത്തി വിഷലിപ്തമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് തടയിടാനും ഇതു പേലുള്ള ഗ്രന്ഥങ്ങള്‍ കൂടുതലാളുകള്‍ വായിക്കണം. അങ്ങനെ വരുമ്പോള്‍ തലക്കെട്ടില്‍ പറഞ്ഞതുപോലെ ഈ ഗ്രന്ഥം മുസ്ലിംകള്‍ വാങ്ങി എല്ലാവരുടേയും വീടുകളില്‍ എത്തിക്കുകതന്നെ വേണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുസ്ലിംകള്‍ക്കെതിരായ വിദ്വേഷം തടയേണ്ടത് കേരളത്തിന്റെ നന്മയില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണെങ്കിലും സൃഷ്ടിക്കപ്പെട്ട പൊതുബോധം മതേതരത്വത്തില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലും മുസ്ലിം വിഷയങ്ങളില്‍നിന്ന് പിറകോട്ടടിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കേണ്ടത് മുസ്ലിംകളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ആസൂത്രിതമായി പ്രചരിപ്പിച്ചിരിക്കുന്ന തെറ്റിദ്ധാരണകളെല്ലാം നീക്കാന്‍ പര്യാപ്തമാണ് 160 പുറങ്ങളുള്ള ഈ ഗ്രന്ഥം. പ്രവാചകന്റെ ആര്‍ദ്രമായ കനിവിന്റെ നിലപാടുകളും സമീപനങ്ങളുമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. വെളിച്ചം പരത്തിയാല്‍ ഇരുള്‍ താനേ നീങ്ങിക്കോളും. വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രവാചകന്‍ കൈക്കൊണ്ട ഉദാത്തമായ നിലപാടുകള്‍ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു. നിലപാടുകളില്‍നിന്നും സമീപനങ്ങളില്‍നിന്നും തുടങ്ങി പ്രവാചകനും സമ്പത്തിലും അവസാനിക്കുന്ന 22 അധ്യായങ്ങളാണ് എഴുതിയിരിക്കുന്നത്. എല്ലാം ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ വിവരണങ്ങളാണ്.
ഇസ്ലാമിനെ കടന്നാക്രമിക്കാന്‍ പ്രവാചക ജീവിതത്തെ വികൃതമായി ചിത്രീകരിക്കുക എന്നതാണ് ആഗോളതലത്തില്‍തന്നെ സ്വീകരിച്ചിരിക്കുന്ന രീതി.സമൂഹത്തെ നെടുകെ പിളര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള മതവിദ്വേഷ പ്രചാരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. എല്ലാവരും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭത്തിലാണ് ഈ പുസ്തകം നമ്മുടെ കൈകളിലെത്തിയത് എന്ന കാര്യവും എടുത്തു പറയേണ്ടതാണ്.
കോഴിക്കോട്ടെ മണ്‍സൂണ്‍വൈബ്‌സ് പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 220 രൂപയാണ്.

 

Latest News