ആലപ്പുഴയില്‍ ആരിഫ് തന്നെ; തോമസ് ഐസക്കിനെ എറണാകുളത്തേക്ക് പരിഗണിച്ചേക്കും

ആലപ്പുഴ- വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിറ്റിംഗ് എം.പി അഡ്വ. എ.എം ആരിഫിനെ തന്നെ സി.പി.എം മത്സരിപ്പിച്ചേക്കും. ശക്തമായ പോരാട്ടം നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും യു.ഡി.എഫ് പിടിച്ചപ്പോഴും ആലപ്പുഴയെ സി.പി.എമ്മിനൊപ്പം നിര്‍ത്തിയ ആരിഫിനെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമിക തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ പാര്‍ട്ടി നിലപാട്. മുസ്ലിം പ്രാതിനിധ്യം ഉണ്ടാകുന്നുവെന്നതിനുപുറമെ, ആരിഫിന്റെ വ്യക്തിപ്രഭാവം സീറ്റ് നിലനിര്‍ത്താന്‍ സഹായകമാകുമെന്നും വിലയിരുത്തലുണ്ട്.
എറണാകുളത്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്ക് ധനമന്ത്രി എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ സ്വീകാര്യനാണ്. തന്നെയുമല്ല,  മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഐസക്കിന് എറണാകുളത്തുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുണ്ട്. ഐസക്ക് അല്ലെങ്കില്‍ നിലവിലെ കൊച്ചി മേയര്‍ എം. അനില്‍കുമാറിനെയാകും പാര്‍ട്ടി പരിഗണിക്കുക. കൊല്ലത്ത് യുവനേതാവ് എം. സ്വരാജിന്റെ പേര് പാര്‍ട്ടി പട്ടികയിലുണ്ടെങ്കിലും സാധ്യത കുറവാണ്. യു.ഡി.എഫ് പക്ഷത്തുനിന്ന് എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കാന്‍ സാധ്യതയുള്ള കൊല്ലത്ത് മല്‍സരിക്കാന്‍ താനില്ലെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിനോട് സ്വരാജ് സൂചിപ്പിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്വരാജിനെ കൊല്ലത്ത് നിര്‍ത്തുന്നതിനോട് യോജിപ്പില്ലത്രെ. എം. സ്വരാജിനെ നിയമസഭയിലെത്തിക്കണമെന്നതാണ് പിണറായിയുടെ താല്‍പര്യം. അത് പാര്‍ട്ടിയോട് പങ്കുവച്ചിട്ടുമുണ്ട്. സ്വരാജല്ലെങ്കില്‍ ചവറ എം.എല്‍.എ ഡോ. സുജിത് വിജയന്‍ പിള്ളയെ മല്‍സരിപ്പിക്കാനിടയുണ്ട്.
ആറ്റിങ്ങലില്‍ രാജ്യസഭാ എം.പിയും ഡി.വൈ.എഫ്.ഐ നേതാവുമായ എ.എ റഹീമിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. സി.എസ് സുജാതയുടെയും പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. സിറ്റിംഗ് എം.പി കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് തന്നെ മല്‍സരരംഗത്തുണ്ടെങ്കില്‍ സി.എസ് സൂജാതയ്ക്കായിരിക്കും മുന്‍ഗണന. ഇതിനിടെ തിരുവനന്തപുരം സീറ്റ് സി.പി.ഐയില്‍നിന്ന് സി.പി.എം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നെങ്കിലും ഈ അഭിപ്രായത്തോട് പിണറായി വിജയന് യോജിപ്പില്ലെന്നാണ് അറിയുന്നത്. തിരുവനന്തപുരത്ത് സിറ്റിംഗ് എം.പി കോണ്‍ഗ്രസിലെ ശശി തരൂര്‍ തന്നെ വീണ്ടും മല്‍സരിച്ചാല്‍ എന്‍.എസ്.എസിന്റെ പിന്തുണ അദ്ദേഹത്തിനാകും. ശശി തരൂരിനുപുറമെ എന്‍.എസ്.എസിനുമെതിരേ സിപിഎം നില്‍ക്കുന്നവെന്ന തോന്നലൊഴിവാക്കാന്‍ തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പാര്‍ട്ടി യോജിക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസ് നടക്കുന്നതിനിടെ തന്നെ, പാര്‍ട്ടി സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും അതാത് ജില്ലാ കമ്മിറ്റികളുമായി മുഖ്യമന്ത്രിയും ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കളും നടത്തും. നവകേരള സദസ് കഴിയുന്നതോടെ മുഴുവന്‍ മണ്ഡലങ്ങളിലെയും സി.പി.എം സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ രൂപമുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Latest News