Sorry, you need to enable JavaScript to visit this website.

ഇടുക്കി ജലനിരപ്പ് കുതിച്ചുയരുന്നു;  ഇന്ന് റെഡ് അലർട്ടിന് സാധ്യത 

കനത്ത മഴയെ തുടർന്ന് ഇടുക്കി ജലാശയം നിറഞ്ഞനിലയിൽ.

ഇടുക്കി- പദ്ധതി പ്രദേശത്ത് രണ്ടു ദിവസമായി മഴ ശക്തി പ്രാപിച്ചതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ശനിയാഴ്ച കർക്കിടക വാവ് ആയതിനാൽ മഴ തുടരും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നലെ രാവിലെ ആറ് മണിക്ക് 2396.58 അടിയായിരുന്ന ജലനിരപ്പ് രാത്രി എട്ട് മണിക്ക് 0.78 അടി ഉയർന്ന് 2397.36 അടിയായി. പദ്ധതി പ്രദേശത്ത് 24 മണിക്കൂറിനിടെ പെയ്ത 12.8 സെ.മീ മഴയാണ് ജലനിരപ്പ് കുതിച്ചുയർത്തിയത്. നിലവിലെ സ്ഥിതി തുടർന്നാൽ ഇന്ന് ജലനിരപ്പ് 2398 അടിയിലെത്തും. 2398 അടിയിലെത്തിയാൽ ഉടനെ ജില്ലാ കലക്ടർക്ക് അതീവ ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള അറിയിപ്പ് നൽകും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചാലുടൻ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ അമ്പത് സെന്റീമീറ്റർ ഉയരത്തിൽ നാലു മണിക്കൂർ ഉയർത്തി ജലം ഒഴുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടി നിർദേശം അനുസരിച്ചേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 
റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതോടെ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കും.  
പഞ്ചായത്ത്, റവന്യൂ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യുവാൻ നിർദേശം നൽകിയിട്ടുണ്ട്. 46 അംഗ ദുരന്ത നിവാരണ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. അണക്കെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായി ചെറുതോണി അണക്കെട്ടിന്റെ താഴെ ഭാഗത്ത് വിദ്യാധിരാജ സ്‌കൂൾ കോമ്പൗണ്ട് ജി.ഐ ഷീറ്റ് ഉപയോഗിച്ച് സംരക്ഷണ വേലി കെട്ടിയിട്ടുണ്ട്. തുറന്നു വിടുന്ന സാഹചര്യമുണ്ടായാൽ ഈ പ്രദേശേത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുകയില്ല. സ്‌കൂൾ കോമ്പൗണ്ടിലാണ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൊടുപുഴയിൽ 12.3 സെ.മീ മഴ പെയ്തു.

 

Latest News