Sorry, you need to enable JavaScript to visit this website.

റിയാദിൽ ശനി, ഞായർ ദിവസങ്ങളിൽ അസാധാരണ  അറബ്, ഇസ്‌ലാമിക് ഉച്ചകോടികൾ

ജിദ്ദ - ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിലിന്റെ ക്രൂരമായ ആക്രമണങ്ങൾ വിശകലനം ചെയ്യാനും നിലപാടുകളും സമ്മർദങ്ങളും ഏകോപ്പിക്കാനും അടുത്ത ശനി, ഞായർ ദിവസങ്ങളിൽ റിയാദിൽ അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടികൾ നടക്കും. അറബ് ഉച്ചകോടി ശനിയാഴ്ചയും ഒ.ഐ.സി ഉച്ചകോടി ഞായറാഴ്ചയുമാണ് നടക്കുക. ഇത് കണക്കിലെടുത്ത് അടുത്ത ശനിയാഴ്ച റിയാദിൽ നടക്കേണ്ടിയിരുന്ന അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചു. അറബ്, ആഫ്രിക്ക ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് നിശ്ചയിക്കും. അറബ് ലീഗുമായും ആഫ്രിക്കൻ യൂനിയൻ കമ്മീഷനുമായും ഏകോപനം നടത്തിയാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. വികസന, സാമ്പത്തിക വശങ്ങൾക്ക് ഊന്നൽ നൽകുന്ന അറബ്, ആഫ്രിക്ക പങ്കാളിത്തത്തെ മേഖലയിൽ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആഗ്രഹിച്ചാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
ഗാസ പ്രശ്‌നം വിശകലനം ചെയ്യാനുള്ള ഒ.ഐ.സി ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുക്കുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ മൂന്നു ഉച്ചകോടികൾ ചേരുന്നത് ഗാസ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിലേക്ക് നയിക്കുമെന്ന് സിങ്കപ്പൂരിൽ ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ പങ്കെടുത്ത് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
 

Latest News