വയനാട്ടില്‍ പോലീസും മാവാവോദികളും ഇതിനകം ഏറ്റുമുട്ടിയത് നാലു തവണ

കല്‍പറ്റ-വയനാട്ടില്‍ പോലീസും മാവാവോദികളും ഇതിനകം ഏറ്റുമുട്ടിയത് നാലു തവണ. 2014 ഡിസംബര്‍ ആദ്യവാരം
വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞോം ചപ്പ കുറിച്യ കോളനിക്ക് സമീപം വനത്തിലായിരുന്നു ഇതില്‍ ആദ്യത്തേത്. 2019 മാര്‍ച്ച് ആറിന് വൈത്തിരി ലക്കിടി ഉപവന്‍ റിസേര്‍ട്ട് വളപ്പിലായിരുന്നു രണ്ടാമത്തേത്. 2020 ഒക്ടോബര്‍ ആദ്യവാരം പടിഞ്ഞാറത്തറ ബപ്പനം വനത്തിലായിരുന്നു മൂന്നാമത്തെ ഏറ്റുമുട്ടല്‍. പിന്നീട് ജില്ലയില്‍ മാവോവാദികളും പോലീസും നേര്‍ക്കുനേര്‍ നിന്നത് ചൊവ്വാഴ്ച രാത്രി തലപ്പുഴ ചപ്പാരത്താണ്.
ചപ്പ കുറിച്യ കോളനിക്കു സമീപം ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാവാവാദികള്‍ പിടിയിലായതുമില്ല. ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സി.പി.ജലീല്‍ കൊല്ലപ്പെട്ടു. ബപ്പനം വനത്തില്‍ വെടിവയ്പ്പില്‍ സി.പി.ഐ(മാവോയിസ്റ്റ്)കബനി ദളം മുന്‍ അംഗം തമിഴ്‌നാട് പെരിയകുളം വേല്‍മരുകന്‍ മരിച്ചു. ജലീലിനെയും വേല്‍മുരുകനെയും പോലീസ് ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് ചില മനുഷ്യാവകാശ സംഘടനകളുടെ വാദം.
ജില്ലയില്‍ 2014 മുതല്‍ മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ വര്‍ഷം ഏപ്രില്‍ 24ന് രാത്രി  കുഞ്ഞോത്തിനു സമീപം മട്ടിലയത്ത് ആദിവാസിയും സിവില്‍ പോലീസ് ഓഫീസറുമായ പ്രമോദ് ഭാസ്‌കരന്റെ വീട്ടിലെത്തിയ മാവോവാദികള്‍  അദ്ദേഹത്തേയും അമ്മയേയും ഭീഷണിപ്പെടുത്തുകയുണ്ടായി.  പ്രമോദിന്റെ വീടിന്റെ ഭിത്തിയില്‍ മാവോവാദി അനൂകൂല പോസ്റ്ററുകള്‍  പതിച്ചു. അതേവര്‍ഷം നവംബര്‍ 18നു രാത്രി തിരുനെല്ലി  അഗ്രഹാരം റിസോര്‍ട്ടിന്റെ ജാലകച്ചില്ലുകളും തീന്‍മുറിയിലെ മേശകളും  തകര്‍ത്തു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  മാവോയിസ്റ്റുകള്‍ പാലക്കാട് പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. അക്കൊല്ലം ഡിസംബറില്‍  കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുനേരെ ആക്രമണം ഉണ്ടായി.  
ജില്ലയില്‍ മേപ്പാടി, തരിയോട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, തിരുനെല്ലി, പനമരം, നൂല്‍പ്പുഴ, പൂതാടി  പഞ്ചായത്തുകളില്‍ വനത്തോടുചേര്‍ന്നുള്ള ആദിവാസി കോളനികളിലാണ് മാവോവാദികള്‍ ആശയ പ്രചാരണം നടത്തിവന്നിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) പശ്ചിമഘട്ട സമിതിക്കു കീഴില്‍ വയനാട്ടില്‍ കബനി ദളവും കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിരിടുന്ന വനപ്രദേശം കേന്ദ്രമാക്കി 'സഹ്യാദ്രി  യുദ്ധ മുന്നണിയും' പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പകല്‍ തലപ്പുഴ കമ്പമല തേയിലത്തോട്ടത്തില്‍  കേരള വനം വികസന കോര്‍പറേഷന്‍  ഡിവിഷണല്‍ മാനേജരുടെ ഓഫീസ്  മാവോവാദികള്‍ അടിച്ചുതകര്‍ത്തിരുന്നു. മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷമാണ് കമ്പമലയില്‍ കെഎഫ്ഡിസി ഓഫീസ്  ആക്രമണത്തിലൂടെ  മാവോവാദികള്‍ ജില്ലയില്‍ സാന്നിധ്യം അറിയിച്ചത്. ഇതിനുശേഷം
ഒക്ടോബര്‍ ഒന്നിനു രാത്രി തലപ്പുഴ ചുങ്കം പൊയിലില്‍ രണ്ടു വീടുകളിലും അടുത്ത ദിവസം കമ്പമല തേയിലത്തോട്ടത്തിലെ പാടികളിലും മാവോവാദികള്‍ എത്തി. ആശയ പ്രചാരണത്തിനു പാടി പരിസരത്ത് പോസ്റ്ററുകള്‍ പതിച്ച സംഘം പ്രദേശത്ത് നിരീക്ഷണത്തിന് പോലീസ് സ്ഥാപിച്ച കാമറകളും തകര്‍ത്തു. ഈ പശ്ചാത്തലത്തില്‍ മാവോവാദികളെ പിടികൂടുന്നതിനു പോലീസ് നീക്കം ഊര്‍ജിതമാക്കിയിരുന്നു.

Latest News