Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്ക് ചലച്ചിത്ര പുരസ്‌കാര  വേദിയിൽ മറുപടിയുമായി മോഹൻലാൽ 

മികച്ച നടിക്കും നടനുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്  ഏറ്റുവാങ്ങിയ പാർവതിയും ഇന്ദ്രൻസും മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ എന്നിവർക്കൊപ്പം വേദിയിൽ. -ഫോട്ടോ: എം.എസ്. പ്രകാശ്, മലയാളം ന്യൂസ് 

തിരുവനന്തപുരം-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിലെ മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചലച്ചിത്ര പുരസ്‌കാര വേദിയിൽ തന്നെ ശക്തമായ മറുപടിയുമായി നടൻ മോഹൻലാൽ. 
തന്റെ സഹപ്രവർത്തകർക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ എത്താനും അതിന് സാക്ഷ്യം വഹിക്കാനും തനിക്ക് അവകാശമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാൻ തനിക്ക് ആരുടെയും അനുവാദം വേണമെന്നില്ല. യാദൃഛികമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് താൻ. അഭിനയ ജീവിതം എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയില്ല. 
എന്നാൽ ആ യാത്രക്ക് തിരശീല വീഴുന്നത് വരെ താൻ ഇവിടെയൊക്കെ തന്നെ കാണുമെന്നും ലാൽ പറഞ്ഞു. നിറുത്തുമ്പോൾ സദസ്സിൽ നിന്നും കരഘോഷം മുഴങ്ങി. തനിക്കേറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഇപ്പോൾ നിൽക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച തിരുവനന്തപുരത്തിന്റെ മണ്ണിൽ നടക്കുന്ന പുരസ്‌ക്കാര ചടങ്ങിൽ നിൽക്കുമ്പോൾ താൻ മുഖ്യാതിഥി ആണെന്ന തോന്നലുണ്ടാകുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന ഒരു വൈകുന്നേരമായേ താൻ ഇതിനെ കാണുന്നുള്ളൂ. 
സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങൾ തന്റെ സഹപ്രവർത്തകർക്ക് കിട്ടുമ്പോൾ ഒരിക്കലും അസൂയ തോന്നിയിട്ടില്ല. മറിച്ച് അവരേക്കാൾ നന്നായി അഭിനയിക്കാൻ പറ്റിയില്ലല്ലോ എന്ന ആത്മവിമർശനമാണ് തോന്നിയിട്ടുള്ളത്. മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ ഇന്ദ്രൻസിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് അവ പരിഹരിക്കാൻ ക്രിയാത്മകമായി ഇടപെടുന്ന സർക്കാരിന് തന്റെ അഭിനന്ദനനം അറിയിക്കുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു.

ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു 
തിരുവനന്തപുരം- 48-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.   
സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയത നിർവീര്യമാക്കാൻ കലാ, സിനിമാ പ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിർഭയം കലാ പ്രവർത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിർത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരൻമാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രതാപൂർണമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര രംഗത്തിന്റെ പുരോഗമന സ്വഭാവത്തിനു ള്ള അംഗീകാരമാണ് ഇത്തവണത്തെ അവാർഡുകൾ. ഉന്നത മാനവമൂല്യം പുലർത്തുന്ന സൃഷ്ടികൾ അംഗീകാരം കിട്ടിയവയിൽ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാർഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ.സി ഡാനിയൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 
മികച്ച നടനുള്ള അവാർഡ് ലഭിച്ച ഇന്ദ്രൻസ്, നടിക്കുള്ള അവാർഡ് ലഭിച്ച പാർവതി, സംവിധായകനുള്ള അവാർഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളിൽ അവാർഡ് ലഭിച്ചവരും മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ബഹുജന പങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞു. അവാർഡുകളുടെ വിശ്വാസ്യത വീണ്ടെടുക്കാനായതായും അദ്ദേഹം പറഞ്ഞു.  
നടൻ മോഹൻലാൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ പ്രശാന്ത്, കെ. മുരളീധരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, ബീനാ പോൾ തുടങ്ങിയവർ സംബന്ധിച്ചു. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്.

 

Latest News