ഗാസ സിറ്റി- ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ആക്രമണത്തിന്റെ അടുത്ത ഘട്ടം ഹമാസിന്റെ തുരങ്ക ശൃംഖല തകര്‍ക്കുകയാണെന്ന് ഇസ്രായില്‍ സൈന്യം. തുരങ്ക ശൃംഖല കണ്ടെത്തി തകര്‍ക്കുകയാണ് ഗാസയില്‍ പ്രവേശിച്ച ഇസ്രായില്‍ കരസേന അടുത്ത ഘട്ടമായി പറയുന്നത്.
ബോംബിട്ട് തകര്‍ത്തതിനുശേഷം ഹമാസിന്റെ പ്രധാന ശക്തികേന്ദ്രമായ ഗാസ സിറ്റി വളഞ്ഞിരിക്കുകയാണ് കരസേന. ജനസാന്ദ്രതയേറിയ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് തങ്ങളുടെ സൈന്യം മുന്നേറിയതായി ഇസ്രായില്‍ അവകാശപ്പെടുമ്പോള്‍ തങ്ങളുടെ പോരാളികള്‍ അധിനിവേശ സേനയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് ഹമാസ് പറയുന്നു.
ഗാസയിലെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, അവരുടെ കമാന്‍ഡര്‍മാര്‍, ബങ്കറുകള്‍, ആശയവിനിമയ മുറികള്‍ എന്നിവയാണ് ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന ഹമാസിന്റെ തുരങ്ക ശൃംഖല തകര്‍ക്കാന്‍ ഇസ്രായില്‍ സൈന്യം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേസമയം, പതിയിരുന്ന് ആക്രമണം നടത്താന്‍ തുരങ്ക ശൃംഖല ഉപയോഗിക്കുന്ന ഹമാസ് പോരാളികളില്‍ നിന്ന് ഇസ്രായില്‍ ടാങ്കുകള്‍ക്ക് കനത്ത പ്രതിരോധം നേരിടേണ്ടി വന്നതായി ഹമാസ്, ഇസ്ലാമിക് ജിഹാദ് വൃത്തങ്ങള്‍ അറിയിച്ചു.
തുരങ്കങ്ങള്‍ തകര്‍ക്കുന്ന നടപടി ബന്ദികളെ കൂടുതല്‍ അപകടത്തിലാക്കുമെന്ന് ഇസ്രായില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്തലിന് സമ്മതിക്കില്ലെന്നാണ് ഇസ്രായില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസ ആക്രമിക്കപ്പെടുമ്പോള്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.
സിവിലിയന്മാരെ കൊന്നൊടുക്കുകയല്ലാതെ ഈ നിമിഷം വരെ ഏതെങ്കിലും സൈനിക നേട്ടം രേഖപ്പെടുത്താന്‍ ഇസ്രായിലിനെ വെല്ലുവിളിക്കുകയാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഗാസി ഹമദ് അല്‍ ജസീറ ടെലിവിഷനോട് പറഞ്ഞു.
ഗാസയെ തകര്‍ക്കാനാവില്ല. അമേരിക്കക്കാരുടെയും സയണിസ്റ്റുകളുടെയും തൊണ്ടയില്‍ മുള്ളായി അത് തുടരും- ഹമദ് പറഞ്ഞു.