ഗാസ - യുദ്ധം കഴിഞ്ഞാലും ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച ഇസ്രായില്‍, കരയുദ്ധം ശക്തമാക്കിയതായി അവകാശപ്പെട്ടു. ഹമാസിനെ കീഴടക്കാനുള്ള ശ്രമം വിജയിച്ചാല്‍ 'അനിശ്ചിതകാലത്തേക്ക്' ഗാസയുടെ സുരക്ഷാ ഉത്തരവാദിത്തം ഇസ്രായില്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യു.എസ് ടെലിവിഷന്‍ ചാനലായ എബിസി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005ല്‍ ഇസ്രായില്‍ ഗാസ മുനമ്പില്‍നിന്ന് സൈന്യത്തെയും കുടിയേറ്റക്കാരെയും പിന്‍വലിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, ഫലസ്തീന്‍ അതോറിറ്റിയെ പരാജയപ്പെടുത്തി ഹമാസ് അവിടെ അധികാരം ഏറ്റെടുത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഗാസ മുനമ്പ് ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറാനായി മാത്രം നമ്മുടെ സൈന്യം രക്തം ചൊരിയരുത്. സമ്പൂര്‍ണ ഇസ്രായിലി നിയന്ത്രണത്തിലായിരിക്കണം ഗാസയെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി എംപിയായ സിംച റോത്ത്മാന്‍ പറഞ്ഞു.
എന്നാല്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായില്‍ വീണ്ടും അധിനിവേശം നടത്തുന്നതിനെ എതിര്‍ക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു: 'ഇത് ഇസ്രായിലിനോ ഇസ്രായിലി ജനതക്കോ നല്ലതല്ല- കിര്‍ബി സി.എന്‍.എന്നിനോട് പറഞ്ഞു. യുദ്ധാനന്തരം ഗാസയുടെ ഭരണം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയിലെ നേതാക്കളുമായി സംസാരിച്ചിരുന്നു. ഹമാസിനെ സൈനികമായി പരാജയപ്പെടുത്തിക്കഴിഞ്ഞാല്‍ ഇസ്രായിലിനെ സുരക്ഷിതമാക്കാന്‍ ഒരു രാഷ്ട്രീയ പദ്ധതിക്കായി അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫലസ്തീന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചുള്ള പദ്ധതിക്കാണ് ശ്രമമെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു.