മോസ്‌കോ- ഗാസയിൽ ആണവാക്രമണം നടത്തുമെന്ന് തുറന്നുപറഞ്ഞ ഇസ്രായിൽ മന്ത്രിയുടെ പരാമർശത്തിൽ റഷ്യ ആശങ്ക പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളുമായി റഷ്യ ആശയവിനിമയം നടത്തി. ഗാസയെ നേരിടാൻ ആണവായുധം പ്രയോഗിക്കലും ആലോചിക്കാമെന്ന് ഇസ്രായിൽ ഹെറിറ്റേജ് മന്ത്രി അമിഹായ് എലിയാഹു റേഡിയോ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മന്ത്രിയെ സസ്‌പെന്റ് ചെയ്‌തെങ്കിലും വിവാദം ഉയരുകയാണ്.
തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന് ഇസ്രായിൽ സമ്മതിച്ചുവെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ആണവായുധങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനകൾ ഞങ്ങൾ കേൾക്കുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അന്താരാഷ്ട്ര ആണവ പരിശോധകരും എവിടെയാണെന്നും അവർ ചോദിച്ചു.
ഇസ്രായിലിന് ഏകദേശം 90 ആണവ പോർമുനകൾ ഉണ്ടെന്നാണ്
അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഫെഡറേഷൻ കണക്കാക്കുന്നത്. ഇസ്രായിൽ മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
'ഈ സംഘട്ടനത്തിന്റെ എല്ലാ വശങ്ങളും വിദ്വേഷകരമായ വാചാടോപങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു ഡെപ്യൂട്ടി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞത്.
ഇസ്രായിൽ പരാമർശത്തിന് എതിരെ അറബ് ലോകം രംഗത്തെത്തിയിരുന്നു. ഈ നിഷ്ഠൂരവും വർണ്ണവിവേചനപരവുമായ ഭരണകൂടത്തെ നിരായുധീകരിക്കാൻ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും ഉടനടി തടസ്സമില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു.