കേരളീയത്തിനെത്തി ഒ. രാജഗോപാല്‍, ബി.ജെ.പിയുടെ എതിര്‍പ്പ് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മുതിര്‍ന്ന നേതാവ്

തിരുവനന്തപുരം- കേരളീയം സമാപനത്തിന് എത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍. ഇത് നല്ല പരിപാടിയാണെന്നും നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു. എന്തിനാണ് ബി.ജെ.പിയുടെ എതിര്‍പ്പെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിനെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിനിടെ പ്രത്യേകം സ്വാഗതം ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇരിപ്പിടത്തിനടുത്തെത്തി ഹസ്തദാനം ചെയ്തു. കോണ്‍ഗ്രസും ബി.ജെ.പിയും കേരളീയം പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
കേരളീയം പൂര്‍ണ വിജയമെന്നും പലരുടെയും എതിര്‍പ്പ് കേരളീയം പരിപാടിയോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. വിമര്‍ശനങ്ങളെ തള്ളിയ മുഖ്യമന്ത്രി എല്ലാ വര്‍ഷവും കേരളീയം തുടരുമെന്നും അറിയിച്ചു. കേരളീയത്തിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചല്ല നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News