ഗാസ-ഇസ്രായിൽ ഒരു മാസത്തിലേറെയായി നരനായാട്ട് തുടരുന്ന ഗാസയിൽ ഒരു ഫലസ്തീൻ പത്രപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഒരു മാധ്യമപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഇസ്രായിൽ ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട ഡസൻ കണക്കിന് പത്രപ്രവർത്തകരിൽ ഏറ്റവും പുതിയയാളാണ് മുഹമ്മദ് അബു ഹസീറ.
ഗാസ സിറ്റിക്ക് പടിഞ്ഞാറ് മത്സ്യത്തൊഴിലാളി തുറമുഖത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വീടിന് നേരെ ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തിലാണ് അബു ഹസീറ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി പറഞ്ഞു. അബു ഹസീറയും അദ്ദേഹത്തിന്റെ മക്കളും സഹോദരന്മാരും ഉൾപ്പെടെ 42 കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ രാത്രിയിലാണ് അബു ഹസീറ കൊല്ലപ്പെട്ട ബോംബാക്രമണം നടന്നതെന്നും എന്നാൽ ചൊവ്വാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു.
തെക്കൻ ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസ മുനമ്പിലെ തങ്ങളുടെ ലേഖകരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ടിവി സ്‌റ്റേഷൻ അറിയിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 37 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 32 ഫലസ്തീനികളും നാല് ഇസ്രായിലികളും ഒരു ലെബനോൺ പൗരനുമാണുള്ളത്.