Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളെ വരുതിയിലാക്കാന്‍ മോഡി സര്‍ക്കാരിന്റെ ഇടപെടല്‍; പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യുദല്‍ഹി- മാധ്യമങ്ങളെ ബലപ്രയോഗത്തിലൂടെ വരുതിയില്‍ നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ രഹസ്യ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തി. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും അപലപനീയമാണെന്ന് ഗില്‍ഡ് വ്യക്തമാക്കി. പ്രമുഖ വാര്‍ത്താ ചാനലുകളുടെ തലപ്പത്തുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു ജോലി വിടേണ്ടി വന്നതും ഭരിക്കുന്ന പാര്‍്ട്ടിയെ വിമര്‍ശിക്കുന്ന വാര്‍ത്താ പരിപാടികള്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കെ സിഗ്നലുകള്‍ തടസ്സപ്പെടുത്തുന്നതും ഗൗരവമേറിയ സംഭവവികാസങ്ങളാണ്. ഇതിനു ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ വരുതിയിലാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതികരണം.

മാധ്യമ സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലാനാണ് ഇത്തരം ദുഷ്ടപ്രവര്‍ത്തികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. സര്‍ക്കാരിന്റെയും മറ്റു ശക്തികളുടേും ഭീഷണികള്‍ക്കുംക്കും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും മുമ്പില്‍ മാധ്യമ സ്ഥാപന ഉടമകള്‍ വഴങ്ങരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ടിവി ചാനല്‍ സിഗ്നലുകള്‍ തടസ്സപ്പെടുത്തിയത് ഗൗരവമേറിയ വിഷയമായി സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും അന്വേഷണം നടത്തി വിശദീകരണം നല്‍കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങള്‍ എന്തു സാഹചര്യത്തിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കണം. ഇത്തരം ശ്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും അടിത്തറ ഇളക്കുമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോഡിയുടെ പൊള്ളയായ അവകാശ വാദം പൊളിച്ചടുക്കി ഒരു സര്‍ക്കാര്‍ പരിപാടിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടു വന്ന എ.ബി.പി ന്യൂസ് ഹിന്ദി വാര്‍ത്താ ചാനലിലെ മാനേജിങ് എഡിറ്റര്‍ക്കും രണ്ടു അവതാരകര്‍ക്കും ഈയിടെ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഇടപെടല്‍. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇവര്‍ക്കു ജോലി വിടേണ്ടി വന്നതെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
 

Latest News