Sorry, you need to enable JavaScript to visit this website.

സംഘർഷങ്ങൾ സ്ത്രീജീവിതങ്ങളെ വെല്ലുവിളി നിറഞ്ഞതാക്കുന്നു- ഫൈസൽ ബിൻ ഫർഹാൻ

വനിതകൾ ഇസ്‌ലാമിൽ എന്ന ശീർഷകത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സംസാരിക്കുന്നു.

ജിദ്ദ - അക്രമം, ദാരിദ്ര്യം, ഭയം, പാർശ്വവൽക്കരണം, കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ പരിചരണത്തിന്റെ അഭാവം എന്നിവയുൾപ്പെടെ യുദ്ധത്തിന്റെയും സായുധ സംഘട്ടത്തിന്റെയും മേഖലകളിൽ സ്ത്രീകൾ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. വനിതകൾ ഇസ്‌ലാമിൽ എന്ന ശീർഷകത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
സംഘർഷങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന ദുർബലമായ ഗ്രൂപ്പുകളെ സംരക്ഷിക്കാനും പിന്തുണക്കാനും കഠിനമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇസ്‌ലാമോഫോബിയയുടെ ഫലമായി ഹിജാബും മറ്റും ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന നിയമങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു ചില രാജ്യങ്ങൾ മുസ്‌ലിം വനിതകൾ നിരവധി വെല്ലുവിളികളും വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നു. 1979 ൽ യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച സ്ത്രീകൾക്കെതിരായ എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കാനുള്ള കൺവെൻഷൻ വ്യവസ്ഥകൾക്ക് ഇത് വിരുദ്ധമാണ്. 
വിഷൻ 2030 വെളിച്ചത്തിൽ വനിതാ ശാക്തീകരണം കൈവരിക്കാൻ സൗദി അറേബ്യ വലിയ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് വ്യത്യസ്ത മേഖലകളിൽ പരിവർത്തനത്തിലും വികസനത്തിലും വളർച്ചയിലും ഒഴിച്ചുകൂടാൻ പറ്റാത്ത അടിസ്ഥാന പങ്കാളിയായി സൗദി വനിതകൾ മാറിയിട്ടുണ്ട്. തൊഴിൽശേഷിയിൽ വനിതാ പങ്കാളിത്തം ഏഴു വർഷത്തിനിടെ 19.3 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിയിൽ 45 ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും ഉടമകൾ വനിതകളാണ്. ഉന്നത തസ്തികകളിൽ വനിതാ പങ്കാളിത്തം 17 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നിട്ടുണ്ട്. 
വനിതാ ശാക്തീകരണത്തിന് ഒ.ഐ.സി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. വനിതാ വികസനത്തിന് ഒ.ഐ.സി പ്രത്യേക സംഘടന സ്ഥാപിച്ചിട്ടുണ്ട്. ഈ സംഘടനക്ക് നേതൃത്വം നൽകുന്നത് സൗദി വനിതയാണെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തിൽ ഇസ്‌ലാമിൽ വനിതകൾക്കുള്ള ജിദ്ദ ചാർട്ടർ എന്ന ശീർഷകത്തിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ചാർട്ടർ സൗദി വിദേശ മന്ത്രി പ്രഖ്യാപിച്ചു. ഇസ്‌ലാമിൽ വനിതകൾക്കുള്ള എല്ലാ അവകാശങ്ങളും ചാർട്ടറിൽ അടങ്ങിയിരിക്കുന്നു. ഇസ്‌ലാമിക സമൂഹങ്ങളിൽ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ സഹായിക്കുന്ന നിയമപരവും നിയമനിർമാണപരവും ബൗദ്ധികവുമായ ഒരു റഫറൻസ് രേഖയായിരിക്കും ഇത്. 

Latest News