Sorry, you need to enable JavaScript to visit this website.

ലേബർ കോടതികൾ ഇനി നീതിന്യായ മന്ത്രാലയത്തിന് കീഴിൽ

നീതിന്യായ സംവിധാനത്തിനു കീഴിൽ ലേബർ കോടതികൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനിയും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും ഒപ്പുവെക്കുന്നു. 

-മന്ത്രിമാർ ധാരണാപത്രം ഒപ്പുവെച്ചു

റിയാദ് - നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ജുഡീഷ്യൽ സംവിധാനത്തിലേക്ക് തൊഴിൽ കേസ് വിചാരണ മാറ്റുന്നതിനും ജുഡീഷ്യൽ സംവിധാനത്തിനു കീഴിൽ ലേബർ കോടതികൾ സ്ഥാപിക്കുന്നതിനും ധാരണാപത്രം ഒപ്പുവെച്ചു. റിയാദ് നീതിന്യായ മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 
നിലവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് തൊഴിൽ കേസുകൾ വിചാരണ ചെയ്യുന്നത്. ഇതിനു പകരം തൊഴിൽ കേസുകൾക്കു മാത്രമായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനാണ് പദ്ധതി. ലേബർ കോടതികളുടെ വിജയകരമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ, നീതിന്യായ മന്ത്രാലയ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല സ്ഥിരം കർമസമിതി രൂപീകരിക്കുന്നതിന് ധാരണാപത്രം അനുശാസിക്കുന്നു. ലേബർ കോടതികളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പരസ്പരം സഹകരിക്കുന്നതിനും സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനും തീരുമാനമുണ്ട്.
അടുത്ത വർഷാദ്യം ലേബർ കോടതികൾ പ്രവർത്തനം ആരംഭിക്കും. തൊഴിൽ കേസുകൾക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പുതുതായി സ്ഥാപിക്കുത് മോഡൽ ഡിജിറ്റൽ കോടതികളാകുമെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനി പറഞ്ഞു. അടുത്ത വർഷാദ്യം ഏഴു പ്രവിശ്യകളിലും നഗരങ്ങളിലും ലേബർ കോടതികൾ പ്രവർത്തനം ആരംഭിക്കും. കടലാസുകളും സീലുകളുമില്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ കോടതികൾ കുറഞ്ഞ സമയത്തിനുള്ളിൽ കേസുകളിൽ തീർപ്പ് കൽപിക്കുന്നതിന് സഹായിക്കും. രാജ്യത്തെ മുഴുവൻ കോടതികൾക്കും മാതൃകയാകും പുതിയ തൊഴിൽ കോടതികൾ.
ലേബർ കോടതികളിൽ ജഡ്ജിമാരായി നിയമിക്കുന്നവർക്ക് റിയാദ് ജസ്റ്റിസ് ട്രെയിനിംഗ് സെന്ററിൽ നീതിന്യായ മന്ത്രാലയം പരിശീലനം നൽകുന്നതിന് തുടങ്ങിയിട്ടുണ്ട.് യോഗ്യതയുടെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ലേബർ കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, ജിദ്ദ, അബഹ, ദമാം, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ലേബർ കോടതികൾ ആരംഭിക്കുക. ഇവക്കു പുറമെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് 27 ബെഞ്ചുകളും സ്ഥാപിക്കും. ആറു അപ്പീൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് ഒമ്പതു മൂന്നംഗ ബെഞ്ചുകളും സ്ഥാപിക്കുമെന്ന് നീതിന്യായ മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.  
നീതിന്യായ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് തൊഴിൽ കേസുകൾക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിക്കുന്നത്. വാണിജ്യ കേസുകൾക്ക് മാത്രമായി വാണിജ്യ കോടതികൾ സ്ഥാപിക്കുന്നതിനും തീരുമാനമുണ്ട്. തൊഴിൽ, വാണിജ്യ കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പുതിയ പരിഷ്‌കരണങ്ങൾ സഹായിക്കും. നിലവിൽ എതിർ കക്ഷികൾ കരുതിക്കൂട്ടി ഹാജരാകാത്തതു മൂലം ചില തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കുന്നതിന് വർഷങ്ങളെടുക്കുന്നുണ്ട്. പുതിയ കോടതികൾ നിലവിൽ വരുതോടെ ഇത്തരം പ്രശ്‌നങ്ങൾക്ക് അന്ത്യമാകുമെന്നാണ് കരുതുന്നത്.

Latest News