ഒടുവില്‍ പ്രവാസി സംരംഭകന് കെട്ടിട നമ്പര്‍ അനുവദിക്കാന്‍ ധാരണ, ഷാജിമോന്‍ ജോര്‍ജ് സമരം അവസാനിപ്പിച്ചു

കോട്ടയം - പ്രവാസിയായ ഷാജിമോന്‍ ജോര്‍ജ് കോടികള്‍ മുടക്കി ആരംഭിക്കുന്ന സംരഭത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്നുള്ള സമരം വലിയ വിവാദമായപ്പോള്‍ പ്രശ്‌നം തീര്‍ക്കാനുള്ള ധാരണയുമായി പഞ്ചായത്ത് അധികൃതര്‍. ഇതോടെ ഷാജിമോന്‍ ജോര്‍ജ് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും പിന്നീട് റോഡില്‍ കിടന്നും നടത്തിയ സമരം അവസാനിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. സമരം  അവസാനിപ്പിക്കുകയാണെന്ന് ഷാജി മോന്‍ പ്രഖ്യാപിച്ചു. 
ചര്‍ച്ചയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുമെന്ന്  ധാരണയായി. ഇതോടൊപ്പം ഇതിനായി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍, കോട്ടയം ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സമിതിയും രൂപവത്കരിച്ചു. ചര്‍ച്ചയിലെ മിനുട്‌സിന്റെ പകര്‍പ്പും ഷാജിമോന് കൈമാറുമെന്നും ഇക്കാര്യത്തിലെടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ സമിതി ഇടപെടുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. 
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നും ബോധപൂര്‍വമല്ലെന്നും മൂന്ന് രേഖകളും നാളെ തന്നെ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നാളെ തന്നെ അനുവദിക്കുമെന്നും മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭാവിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഷാജി മോന്‍ ജോര്‍ജ് പറഞ്ഞു.

 

Latest News