ആപ്പില്‍ ലൈവായി കാണിക്കുന്ന ബ്ലൂ ഫിലിം; രണ്ട് നടിമാരും ഒരു നടനും അറസ്റ്റില്‍

മുംബൈ- തത്സമയ സംപ്രേഷണത്തിനായുള്ള ബ്ലൂ ഫിലിം ഷൂട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിമാസ വരിസംഖ്യ ഈടാക്കി ബ്ലൂഫിലിമുകള്‍ കാണിക്കുന്ന പിഹു എന്ന ആപ്പിനുവേണ്ടിയായിരുന്നു ചിത്രീകരണം. 24 ഉം 34 ഉം വയസ്സായ രണ്ട് യുവതികളും 27 വയസ്സായ യുവാവുമാണ് അറസ്റ്റിലായതെന്ന് വെര്‍സോവ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ത്രീകളുമായി ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പില്‍ ഉള്ളടക്കം ചിത്രീകരിക്കുകയും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു പ്രതികള്‍.  
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അന്ധേരി വെസ്റ്റില്‍വെച്ച് ഈ ആപ്പിനു വേണ്ടി ചിത്രീകരണം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇവിടത്തെ നാല് ബംഗ്ലാവുകളിലൊന്നില്‍ റെയ്ഡ് നടത്താന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്.
റെയ്ഡിനിടെ കണ്ടെത്തിയ മൂന്നുപേരുടെ  അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ അഭിനേതാക്കള്‍ മാത്രമാണെന്നും ആപ്പിന്റെ ഉടമകളെയും നടത്തിപ്പുകാരെയും പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്.
തത്സമയ സംപ്രേഷണത്തെ കുറിച്ച് ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം വഴി നേരിട്ടുള്ള സന്ദേശങ്ങളിലൂടെയാണ് അറിയിച്ചിരുന്നത്.  ഇങ്ങനെ സംപ്രേഷണം ചെയ്യുന്ന അശ്ലീല ഫിലിമുകള്‍ കാണാന്‍ റിഡീം ചെയ്യാന്‍ കഴിയുന്ന ഇന്‍ആപ്പ് നാണയങ്ങള്‍ ഉപയോക്താക്കള്‍ വാങ്ങണം. ആപ്പില്‍ പ്രൊഫൈലുകളുള്ള സ്ത്രീകള്‍ ഓഡിയോ, വീഡിയോ കോളുകള്‍ പോലുള്ള സേവനങ്ങളും നല്‍കുമെന്ന് വെര്‍സോവ പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉപയോക്താക്കള്‍ നടത്തിയ പേയ്‌മെന്റുകളില്‍ 7,500 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീ ഉള്‍പ്പെടുന്നു. സ്ട്രീമുകള്‍ കാണുന്നതിനും കോളുകള്‍ക്കായി വെവ്വേറെയും അവര്‍ക്ക് മുന്‍കൂറായി തുക നല്‍കണം.  നാണയങ്ങള്‍ വാങ്ങുന്നതിലൂടെ ഡിജിറ്റലായി മാത്രമാണ് പണമിടപാടുകള്‍ നടത്തിയത്. ഒരു ഉപഭോക്താവിന് ആപ്പിലേക്ക് ആക്‌സസ് ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് വ്യത്യസ്ത സ്ത്രീകളുടെ പ്രൊഫൈലുകള്‍ പരിശോധിക്കാനും കഴിയും. സ്ത്രീകള്‍ സാധാരണയായി അവരുടെ പ്രൊഫൈലുകളില്‍ ചില പ്രൊമോഷണല്‍ വീഡിയോകള്‍ ഇടും. അതിലൂടെ ഉപയോക്താക്കള്‍ക്ക് അവരെ സമീപിക്കാം. ഭൂരിഭാഗം സ്ട്രീമുകളും ലൈവ് കമന്ററിയുടെ അകമ്പടിയോടെയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍  വിശദീകരിച്ചു.
ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണെന്നും ഉപയോക്താക്കള്‍ നല്‍കിയ പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News