Sorry, you need to enable JavaScript to visit this website.

കൊടി സുനിയെ ഉറങ്ങിക്കിടക്കുമ്പോള്‍ ജയില്‍ ജീവനക്കാര്‍ മുളക് പൊടിയെറിഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ചികിത്സ തേടി

തൃശൂര്‍ - വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ ഉറങ്ങിക്കിടക്കുമ്പോള്‍ ജയില്‍ ജീവനക്കാര്‍ മുളക് പൊടിയെറിഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊടി സുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പോലീസ് എത്തിയെങ്കിലും സംസാരിക്കാന്‍ അവശതകള്‍ ഉണ്ടെന്ന് കൊടി സുനി അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കൊടി സുനിക്ക് മര്‍ദ്ദനമേറ്റെന്നാണ് പരാതിയില്‍ പറയുന്നത്. ഉറങ്ങിക്കിടന്ന കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ജീവനക്കാരെ മര്‍ദ്ദിച്ചതിന് കൊടി സുനി അടക്കം പത്തുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയില്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലു ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പത്തു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വധശ്രമവും കലാപ ആഹ്വാനവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കലാപ ആഹ്വാനം നടത്തി സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് ജയില്‍ അധികൃതരുടെ പരാതി.

Latest News