ലീഗിന്റെ പിണക്കം തീര്‍ക്കാന്‍ വിഡി സതീശന്‍ ഇന്ന് പാണക്കാട്ടെത്തും 

മലപ്പുറം-രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പാണക്കാട്ട് തറവാട്ടിലെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും സതീശന്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ കുറച്ച് നാളായി മുസ്ലിം ലീഗും കോണ്‍ഗ്രസും അകല്‍ച്ചയിലാണ്. ഈ അകല്‍ച്ച പരിഹരിക്കുന്നത് അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വന്നതിന് ശേഷം കാര്യമായ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന അതൃപ്തി ലീഗിനുണ്ട്. 
കെ സുധാകരന്റെ പട്ടി പ്രയോഗം അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. അതിനിടെ പലസ്തീന്‍ വിഷയത്തില്‍ സിപിഎം റാലിക്ക് ക്ഷണിച്ചാല്‍ പോകുമെന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന രാഷ്ട്രീയ ചര്‍ച്ചയാകുകയും ചെയ്തു. രാഷ്ട്രീയ വിവാദത്തിലേക്ക് പോകുമെന്ന സാഹചര്യം കണക്കിലെടുത്ത് സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം സതീശന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. 

Latest News