Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് പരിശോധിച്ച്  തിരുത്തലുകള്‍ വരുത്തും-മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം- കേരളീയത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന പരിപാടിയില്‍ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതില്‍ പരിശോധന നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനവും നടത്തുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് ഉചിതമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാന നഗരിയില്‍ കേരളത്തിന്റെ അഭിമാനമായി ഇടത് ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയതില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളീയത്തിന്റെ ഭാഗമായി കേരള ഫോക്ക്ലോര്‍ അക്കാദമി ആദിമം എന്ന പേരില്‍ കനകക്കുന്നിലാണ് ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
സംവിധായിക ലീല സന്തോഷ് ഉള്‍പ്പെടെയുള്ളവര്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതിനെതിരെ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. മനുഷ്യരെ പ്രദര്‍ശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തില്‍ നിര്‍ത്തിയിട്ടുണ്ടോ എന്നാണ് ലീല സന്തോഷ് പ്രതികരിച്ചത്. ഇത്തരത്തില്‍ ചെയ്യുന്നത് എന്ത് മേസേജാണ് നല്‍കുകയെന്നും അവര്‍ രോഷം പ്രകടിപ്പിച്ചു.
കേരളീയം പരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് യൂണിവേഴ്സിറ്റി കോളേജില്‍ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റിവല്‍ എന്നിവ വളരെ വിജയകരമായി നടന്നു വരികയാണെന്ന് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. പതിനായിരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. തദ്ദേശീയ ജനതയുടെ പരമ്പരാഗത ജീവിത രീതികളും ചരിത്രവും പഠന വിധേയമാക്കാനും അടുത്തറിയാനും ഈ പ്രദര്‍ശനം സഹായിക്കുന്നുണ്ട്. ട്രേഡ് ഫെയറിന്റെ ഭാഗമായി 30 സ്റ്റാളുകളും 15 ഫുഡ് കോര്‍ട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ നല്ല രീതിയില്‍ വില്‍പ്പനയും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News