Sorry, you need to enable JavaScript to visit this website.

കഅ്ബക്കെതിരെ അപകീർത്തി: ഫെയ്‌സ്ബുക്ക്  പ്രചാരണം നടത്തിയവർക്കെതിരെ നടപടി

കോഴിക്കോട്- മക്കയിൽ ശിവലിംഗമുണ്ടെന്ന വ്യാജചിത്രം നിർമ്മിച്ച് ഫേസ് ബുക്കിലും സ്‌ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് ഡിജിപിയോട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫ ഉത്തരവിട്ടു.
 മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതവികാരം വ്രണപ്പെടുത്തുന്നതിനും വേണ്ടിയാണിതെന്നും സമൂഹത്തിൽ സമാധാനം നിലനിർത്താനും മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാനും പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സെക്രട്ടറി സത്താർ പന്തല്ലൂർ നൽകിയ ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഹരജി ഗൗരവമുള്ളതാണെന്നും ആരോപണം അന്വേഷിച്ച് ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ സംസ്ഥാന പോലിസ് മേധാവി എടുത്ത നടപടി എന്താണെന്ന് വിശദീകരിച്ച് ഉത്തരവ് കൈപറ്റി ഒരു മാസത്തിനുള്ളിൽ കമ്മീഷന് മുമ്പാകെ റിപ്പോർട്ട് സമർപിക്കണമെന്നുമാണ് ഹനീഫയുടെ ഉത്തരവ്. ന്യൂനപക്ഷ കമ്മീഷൻ ആക്ടിലെ ഒമ്പത്  സി വകുപ്പനുസരിച്ച് ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാ പരവുമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനെ പറ്റിയുള്ള പ്രത്യേക പരാതിയിൽ അന്വേഷണം നടത്തി അധികാരികൾക്കു മുമ്പാകെ എത്തിച്ച് തുടർ നടപടികൾ നിരീക്ഷിക്കുകയും ചെയ്യുകയെന്ന കമ്മീഷന്റെ അധികാരമുപയോഗിച്ചാണ് പരാതിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അനീഷ് വിശ്വകർമ്മയെന്ന വ്യക്തിയാണ് കഅ്ബാലയത്തെ വികൃതമാക്കിയുള്ള ചിത്രം നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. കോഴിക്കോട് എം.ഇ.എസ് സെൻട്രൽ സ്‌കൂളിന് എൻ.ഒ.സി ലഭിക്കുന്നതിന് സ്‌കൂൾ മാനേജർ നൽകിയ അപേക്ഷ കാലതാമസം ഉണ്ടായി എന്ന കാരണം പറഞ്ഞ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ തിരിച്ചയച്ച നടപടി പുനഃപരിശോധിച്ച് സ്‌കൂളിന് എൻ.ഒ.സി നൽകുന്നതിനുവേണ്ട നടപടി അടിയന്തരമായി സ്വീകരിക്കാനും കമ്മീഷൻ ഉത്തരവിട്ടു.
 നിശ്ചിതകാലാവധിയ്ക്കുള്ള അപേക്ഷ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എം.ഇ.എസ് സ്‌കൂളിന് സംസ്ഥാനസർക്കാർ എൻ.ഒ.സി നിഷേധിച്ചത്. സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചതോടെ എൻ.ഒ.സിയ്ക്കുള്ള അപേക്ഷ തിരിച്ചയച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും എൻ.ഒ.സി നൽകുന്നതിൽ കാലതാമസം വരുത്തുന്ന നടപടി ഹൈക്കോടതിയോടുള്ള അനാദരവാണെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഭിപ്രായപ്പെട്ടു. എൻ.ഒ.സി തിരിച്ചയച്ച നടപടി പുനഃപരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെടാൻ ഡി.പി.ഐയ്ക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കും കമ്മീഷൻ നിർദേശം നൽകി.കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് ഇരുപത്തിയഞ്ചു കേസുകളാണ് കമ്മീഷന്റെ പരിഗണനക്കു വന്നത്. ഇതിൽ അഞ്ചെണ്ണം ഉത്തരവ് പറയാൻ മാറ്റി വച്ചു.  
 

Latest News