Sorry, you need to enable JavaScript to visit this website.

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ  ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍ 

തിരുവനന്തപുരം- മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കന്റോണ്‍മെന്റ് പോലീസ്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേര്‍ക്ക് എതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാന്‍ഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന്റെ താക്കോല്‍ ഉള്‍പ്പെടെ നശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. വഴിയോരത്ത് സ്ഥാപിച്ച ഫ്ളക്സുകള്‍ തകര്‍ത്തു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ് യു  പ്രവര്‍ത്തകരും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ തകര്‍ത്തു.
കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷ്ണര്‍ ഓഫീസിന് സമീപം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനാഞ്ചിറ റോഡും കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെ.എസ്.യു.
കേരളവര്‍മ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ് യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് തടഞ്ഞതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്. 
 

Latest News