അദ്ദേഹം എന്നെ പിതാവിനെ പോലെ സ്‌നേഹിച്ചു- സോണിയാ ഗാന്ധി

സോണിയാ ഗാന്ധിയും കരുണാനിധിയും (ഫയല്‍)

ചെന്നൈ- ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹത്തെ താന്‍ പിതാവിനെ പോലെയാണ് കരുതിയിരുന്നതെന്നും യു.പി.എ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധി. കരുണാനിധിയുടെ നേതൃത്വമില്ലാത്ത ഇന്ത്യ കൂടുതല്‍ ദരിദ്രമാവുകയാണെന്നും അവര്‍ കരുണാനിധിയുടെ മകനും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെഴുതിയ കത്തില്‍ പറഞ്ഞു. രാഷ്ട്രീയ മേഖലയിലും പൊതുരംഗത്തും കലൈഞ്ജര്‍ പകരം വെക്കാനില്ലാത്ത നേതാവാണെന്ന് സോണിയാ ഗാന്ധി അനുസ്മരിച്ചു. തമിഴ്‌നാട്ടില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച നേതാവാണ് അദ്ദേഹം. എന്നെ സംബന്ധിച്ചടത്തോളം കലൈഞ്ജറുടെ മരണം വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹം എന്നോട് കാണിച്ച പരിഗണനയും ദയയും ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. അദ്ദേഹം എനിക്ക് പിതാവിനെ പോലയായിരുന്നു- സോണിയാ ഗാന്ധി പറഞ്ഞു.


വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ വിശ്രമിക്കുന്നു; പേടകത്തില്‍ കരുണാനിധിയുടെ വാക്കുകള്‍


കലൈഞ്ജറെ പോലുള്ള ഒരു നേതാവിനെ ഇനി നമുക്ക് കാണാന്‍ കഴിഞ്ഞെന്നു വരില്ല. രാഷ്ട്രത്തോടും ജനതയോടും അദ്ദേഹം കാണിച്ച സമര്‍പ്പണം എടുത്തു പറഞ്ഞ സോണിയ, കരുണാനിധിയുടെ അഭാവം നമ്മുടെ രാഷ്ട്രത്തെ കൂടുതല്‍ ദരിദ്രമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സാഹിത്യരംഗത്തും വലിയ സംഭാവനകളാണ് കരുണാനിധി അര്‍പ്പിച്ചത്. തമിഴ്‌നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിനും കലക്കും ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ക്ക് സാധിച്ചു. തമിഴ്‌നാട് ഭരണത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം ബാക്കിവെച്ചിരിക്കുന്ന പാരമ്പര്യം എക്കാലത്തും അനുസ്മരിക്കപ്പെടും. അര്‍ഥപൂര്‍ണമായ ജീവിതം സമ്മാനിച്ചാണ് കരുണാനിധി വിടവാങ്ങിയതെന്നും അസുഖബാധിതനായ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതില്‍ മകന്‍ സ്റ്റാലിന്‍ കാണിച്ച സമര്‍പ്പണം എടുത്തു പറയേണ്ടതാണെന്നും കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് സോണിയ അയച്ച കത്തില്‍ പറഞ്ഞു.

 

Latest News