Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഇത് വേണ്ടിയിരുന്നില്ല'; സുരേഷ് ഗോപിയോട് കെ.ബി ഗണേഷ്‌കുമാർ

തിരുവനനന്തപുരം - നടൻ സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തകയ്ക്ക് മോശം അനുഭവമുണ്ടായതിൽ പ്രതികരിച്ച് നടനും മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷേ, ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്. 
 'എനിക്ക് അറിയുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ. അദ്ദേഹം ചെയ്തത് ശരിയോ തെറ്റോ എന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ചുമാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു. 
 പക്ഷേ, ആ കുട്ടി വളരെ മാന്യമായാണ് പെരുമാറിയത്. ആദ്യം കൈവെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ, എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നും ഒരു മാധ്യമത്തോടായി ഗണേഷ് കുമാർ പ്രതികരിച്ചു.
 കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വൺ ചാനലിലെ വനിതാ മാധ്യമപ്രവർത്തകയുടെ തോളിൽ കൈയിട്ടത്. ഉടനെ അതൃപ്തിയുമായി ലേഖിക പിറകോട്ടു മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അതാവർത്തിച്ച് തോളിൽ കൈ വെക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റുകയായിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം വലിയ വിമർശമാണ് സുരേഷ് ഗോപിക്കെതിരെ ഉയർന്നത്. ഇതിനിടെ മാധ്യമ പ്രവർത്തകയോട് സമൂഹമാധ്യമത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തക പോലീസിൽ പരാതിപ്പെടുകയായിരുന്നു. ലേഖികയെ ഫോണിൽ മാപ്പ് പറയാൻ വിളിച്ചെങ്കിലും എടുത്തില്ലെന്നും ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. സംഭവത്തിൽ നടനെതിരേ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. 
 കഴിഞ്ഞ ദിവസം തൃശൂരിൽ വെച്ച് സുരേഷ് ഗോപി റിപോർട്ടർ ടി.വിയിലെ മാധ്യമ പ്രവർത്തകയോടും ഭീഷണിസ്വരത്തിൽ മോശമായി പെരുമാറുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഇതേച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. അതിനിടെ, സുരേഷ് ഗോപിക്ക് പിന്തുണയുമായി 'ഞാൻ കെട്ടിപ്പിടിച്ചോട്ടേ' എന്ന് ചോദിച്ച് വനിതകളുടെ ആലിംഗന കാഴ്ചകളും വൈറലാണ്.

Latest News