ഖാന്‍ യൂനിസ് - കാലുകള്‍ മുറിച്ചുമാറ്റിയ ശേഷം നല്‍കിയ വേദനസംഹാരികളുടെ ഫലം മങ്ങുമ്പോള്‍ ലയാന്‍ അല്‍ബാസ് ഉറക്കെ കരയുന്നു. 'എനിക്ക് ഒരു കൃത്രിമക്കാല്‍ ആവശ്യമില്ല- 13 കാരനായ ഫലസ്തീന്‍ ബാലന്‍, തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ എ.എഫ്.പിയോട് പറഞ്ഞു. അവിടെ കൃത്രിമ കൈകാലുകള്‍ ലഭിക്കാനുള്ള ഒരു സാധ്യതയുമില്ല എന്ന് ലയാന് അറിയില്ല.
വര്‍ഷങ്ങളായി സയണിസ്റ്റ് ഉപരോധത്തിന് കീഴിലും ഒക്ടോബര്‍ 7 മുതല്‍ ആക്രമിക്കപ്പെട്ടും ദുരിതാവസ്ഥയിലായ ആയിരങ്ങളുടെ പ്രതിനിധിയാണവന്‍. ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ കടുത്ത ക്ഷാമമാണ് ഗാസയില്‍. വൈദ്യസഹായം വളരെ കുറവാണ്. 'എന്റെ കാലുകള്‍ തിരികെ തരൂ... അത് കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലേ... പീഡിയാട്രിക് വാര്‍ഡിലെ കിടക്കയില്‍ നിരാശയോടെ ബാസ് ചോദിക്കുന്നു.
വേദനസംഹാരികള്‍ കെട്ടടങ്ങുമ്പോള്‍, ഓരോ തവണയും കണ്ണുതുറക്കുമ്പോള്‍ ബാന്‍ഡേജ് ചെയ്ത കുറ്റികള്‍ അവന്‍ കാണുന്നു. ഖാന്‍ യൂനിസിലെ അല്‍ഖരാര ജില്ലയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ചയാണ് ലയാന് പരിക്കേറ്റതെന്ന് അമ്മ ലാമിയ അല്‍ബാസ് (47) പറയുന്നു.
ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ 3,900 കുട്ടികളടക്കം 9,500ലധികം പേര്‍ സയണിസ്റ്റ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരില്‍ നാലുപേര്‍ ബാസിന്റെ ബന്ധുക്കളായിരുന്നു. തന്റെ രണ്ട് പെണ്‍മക്കളായ ഇഖ്‌ലാസും ഖിതാമും ഒരു നവജാത ശിശു ഉള്‍പ്പെടെ രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ലാമിയ പറയുന്നു. ഇഖ്‌ലാസ് പ്രസവിച്ച് കിടക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ തന്റെ പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോയ ലാമിയ കണ്ടത് കഷണങ്ങളായി കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. 'ഖിതാമിനെ അവളുടെ കമ്മലുകള്‍ നോക്കിയും ഇഖ്‌ലാസിനെ അവളുടെ കാല്‍വിരലുകള്‍ കൊണ്ടുമാണ് ഞാന്‍ തിരിച്ചറിഞ്ഞത്.'
മുഖത്തും കൈകളിലും മുറിവേറ്റ ലയാന്‍ ചോദിക്കുന്നു: 'എന്റെ സുഹൃത്തുക്കള്‍ നടക്കുമ്പോള്‍ എനിക്ക് എങ്ങനെ സ്‌കൂളിലേക്ക് മടങ്ങാനാകും?' ലാമിയ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു: 'ഞാന്‍ നിന്റെ അരികിലുണ്ടാകും. എല്ലാം ശരിയാകും. നിനക്ക് ഇനിയും ഭാവിയുണ്ട്.'
'ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്'
ആശുപത്രിയിലെ പൊള്ളലേറ്റ വിഭാഗത്തില്‍, 14 വയസ്സുള്ള ലാമ അല്‍അഘയും സഹോദരി സാറയും (15) അടുത്തടുത്തുള്ള കിടക്കകളില്‍ കിടക്കുന്നു. ഒക്‌ടോബര്‍ 12ന് നടന്ന ആക്രമണത്തില്‍ സാറയുടെ ഇരട്ടകളായ സാമയും സഹോദരന്‍ യഹ്‌യയും (12) കൊല്ലപ്പെട്ടു, രണ്ട് ആശുപത്രി കിടക്കകള്‍ക്കിടയില്‍ ഇരുന്ന് കണ്ണീരടക്കാന്‍ പാടുപെടുകയാണ് അവരുടെ മാതാവ്.
ലാമയുടെ പകുതി ഷേവ് ചെയ്ത തലയിലും നെറ്റിയിലും തുന്നലുകളും പൊള്ളലേറ്റ പാടുകളും കാണാം. 'അവര്‍ എന്നെ ഇവിടേക്ക് മാറ്റിയപ്പോള്‍, എന്നെ ഇരിക്കാന്‍ സഹായിക്കാന്‍ ഞാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു, എന്റെ കാല്‍ മുറിച്ചുമാറ്റിയതായി ഞാന്‍ കണ്ടെത്തി- 14 വയസ്സുകാരന്‍ ഓര്‍മ്മിക്കുന്നു. 'ഞാന്‍ ഒരുപാട് വേദനകളിലൂടെ കടന്നുപോയി, പക്ഷേ ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.'
പരിക്ക് തന്റെ ഭാവിയെ ബാധിക്കരുതെന്ന് ലാമ തീരുമാനിച്ചു. 'എനിക്ക് ഒരു കൃത്രിമ കാല്‍ ഉണ്ടാക്കി പഠനം തുടരാം, അങ്ങനെ എനിക്ക് ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകും. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഞാന്‍ ശക്തനായിരിക്കും- ലാമ പറയുന്നു.
ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ തടയുന്നതിന് കൈകാലുകള്‍ മുറിച്ചുമാറ്റുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെ ഡോക്ടര്‍മാര്‍ വിഷമിക്കുകയാണെന്ന് ആശുപത്രി ഡയറക്ടര്‍ നഹെദ് അബു തായേമ വിശദീകരിക്കുന്നു. 'ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കണോ പരിക്കേറ്റ കാല്‍ സംരക്ഷിക്കണമോ... തെരഞ്ഞെടുപ്പ് പ്രയാസകരമാണെന്ന് അബു തായേമ പറയുന്നു. ഇത്തരം പരിക്കുകള്‍ ചികിത്സിക്കാനുള്ള മറ്റൊരു ബദല്‍ മാര്‍ഗവും ആധുനിക സംവിധാനങ്ങളും ഒരാശുപത്രിയിലും ഇല്ല.
തകര്‍ന്ന ഫുട്‌ബോള്‍ സ്വപ്നം
പച്ച നിറത്തിലുള്ള ഫുട്‌ബോള്‍ ജേഴ്‌സിയും അതിന് ഇണങ്ങുന്ന ഷോര്‍ട്ട്‌സും ധരിച്ച്, 14കാരനായ അഹമ്മദ് അബു ഷഹ്മ, ക്രച്ചസ് ഉപയോഗിച്ച് ഖാന്‍ യൂനിസിലെ തന്റെ കുടുംബത്തിന്റെ അവശിഷ്ടങ്ങള്‍ ചുറ്റിനടന്നു കണ്ടു. അബു ഷഹ്മ അദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്ന മുറ്റത്ത് ചെല്ലുമ്പോള്‍ മുറിച്ചുമാറ്റിയ തന്റെ കാലുകളിലേക്ക് നോക്കുന്നു.
ഇസ്രായില്‍ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നു, ആറ് ബന്ധുക്കളും ഒരു അമ്മായിയും മരിച്ചു. 'ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ ഉണര്‍ന്നപ്പോള്‍ സഹോദരനോട് ചോദിച്ചു, 'എന്റെ കാല്‍ എവിടെ?', അഹമ്മദ് ഓര്‍ക്കുന്നു. 'അദ്ദേഹം എന്നോട് കള്ളം പറഞ്ഞു. അത് അവിടെയുണ്ടെന്നും മരവിപ്പ് കാരണം എനിക്ക് മനസ്സിലാകാത്തതാണെന്നും പറഞ്ഞു.'
അടുത്ത ദിവസം, 'എന്റെ കസിന്‍ എന്നോട് സത്യം പറഞ്ഞു', അബു ഷഹ്മ പറയുന്നു. 'ഞാന്‍ ഒരുപാട് കരഞ്ഞു. എല്ലാ ദിവസവും പോലെ ഇനി നടക്കാനോ ഫുട്‌ബോള്‍ കളിക്കാനോ കഴിയില്ല എന്നായിരുന്നു ആദ്യം ചിന്തിച്ചത്. യുദ്ധത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ പരിശീലനത്തിന് ഒരു അക്കാദമിയില്‍ ചേര്‍ന്നിരുന്നു,
അബു ഷഹ്മ എഫ്‌സി ബാഴ്‌സലോണയുടെ ആരാധകനാണ്. കസിന്‍ ഫരീദ് റയല്‍ മാഡ്രിഡിന്റെയും. 'കാലം പിറകോട്ട് തിരിഞ്ഞ് അഹമ്മദിന്റെ കാല് തിരികെ നല്‍കാമെങ്കില്‍, റയല്‍ ഉപേക്ഷിച്ച് അവനെപ്പോലെ ബാഴ്‌സലോണ ഞാനും ബാഴ്‌സലോണയുടെ ആരാധകനാകാം.. നിറകണ്ണുകളോടെ ഫരീദ് അബു ഷഹ്മ പറഞ്ഞു.