ഇന്ത്യൻ ഓഹരി വിപണി ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഒരു ശതമാനം നേട്ടത്തിലാണ് പിന്നിട്ട വാരം വിപണിയിൽ ഇടപാടുകൾ അവസാനിച്ചത്. ആഭ്യന്തര ഫണ്ടുകൾ താഴ്ന്ന തലങ്ങളിൽ ഹൈവിവെയിറ്റ് ഓഹരികൾ സ്വന്തമാക്കിയത് ബുൾ റാലിക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണവർ. വിപണി ദീപാവലി മുഹൂർത്ത വ്യാപാരത്തിനുള്ള അവസാനഘട്ട മിനുക്ക് പണിയിലാണ്. 2021 ലും 22 ലും മുഹൂർത്ത വ്യാപാരത്തിൽ സൂചിക മികവ് കാഴ്ച വെച്ചത് ഇക്കുറിയും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. വിക്രം സംവത് 2080 കലണ്ടറിലെ ആദ്യ ദിനമാണ് നവംബർ 13 തിങ്കൾ.
പോയവാരം നിഫ്റ്റി സൂചിക 183 പോയന്റും സെൻസെക്‌സ് 580 പോയന്റും മുന്നേറി. 19,047 പോയന്റിൽ നിന്നും ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി 18,973 ലേയ്ക്ക് ഒരവസരത്തിൽ തളർച്ചക്കു ശേഷമുള്ള തിരിച്ചു വരവിൽ 19,276 പോയന്റ് വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 19,230 പോയന്റിലാണ്. മുൻവാരം സൂചിപ്പിച്ച 19,473 പോയന്റ് തന്നെയാണ് വിപണി ലക്ഷ്യമാക്കുന്നതെങ്കിലും ആ തലം വരെ ഉയരാൻ നിലവിലെ സാഹചര്യം വിപണിയെ അനുവദിക്കില്ല.
ഈവാരം 19,258 ൽ ആദ്യ പ്രതിരോധം. ഇത് മറികടന്നാൽ 19,346 ൽ വീണ്ടും തടസ്സം നേരിടും. ദീപാവലിയോട് അനുബന്ധിച്ചുള്ള ആവേശം വിപണിയിൽ അലയടിച്ചാൽ 19,462 ലും പ്രതിരോധം തല ഉയർത്തും. സൂചിക തിരുത്തലിന് മുതിർന്നാൽ 19,043 ൽ താങ്ങുണ്ട്. നിഫ്റ്റി ഫ്യൂച്ചറിൽ ഓപൺ ഇൻട്രസ്റ്റിൽ മുന്നേറ്റം. തൊട്ട് മുൻവാരത്തിൽ 116.6 ലക്ഷം കരാറുകളായിരുന്നത് 124.6 ലക്ഷമായി ഉയർന്നത് ബുൾ ഓപറേറ്റർമാർക്ക് ആത്മവിശ്വാസം പകരാം.
ഒരു ശതമാനം മികവ് കാണിച്ച സെൻസെക്‌സ് തുടക്കത്തിൽ 63,782 ൽ നിന്നും 63,450 ലേക്ക് തളർന്ന ശേഷം വാരാന്ത്യ ദിനത്തിൽ 64,535 പോയന്റായി കയറിയെങ്കിലും ക്ലോസിങിൽ വിപണി 64,363 പോയന്റിലാണ്. ഈ വാരം 63,697 ലെ സപ്പോർട്ട് നിലനിർത്തി 64,782 65,201 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം.
വിദേശ ഓപറേറ്റർമാർ തുടർച്ചയായ ഒമ്പതാം വാരത്തിലും ഇന്ത്യൻ മാർക്കറ്റിൽ ഓഹരി വിൽപനക്കാണ്. പിന്നിട്ടവാരം അവർ 913 മില്യൺ ഡോളർ വിലമതിക്കുന്ന വിൽപന നടത്തി. ഒക്ടോബറിൽ 2.95 ബില്യൺ ഡോളറാണ് പിൻവലിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില ഉയർന്ന തലത്തിൽ നീങ്ങുന്നതും പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും വിനിമയ വിപണിയിൽ രൂപയ്ക്ക് മേൽ സമ്മർദുളവാക്കുന്നുണ്ട്. രൂപ റെക്കോർഡ് മൂല്യ തകർച്ചയായ 83.29 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 83.24 ലാണ്, അതേ സമയം ഇന്ത്യൻ മാർക്കറ്റിൽ ഇടപാടുകൾ അവസാനിച്ച ശേഷം വിനിമയ നിരക്ക് 83.12 ലേയ്ക്ക് ശക്തിപ്രാപിച്ചു. എങ്കിലും മൂല്യം 83.60 ലേയ്ക്ക് ദുർബലമാകാനുള്ള സാധ്യതകളാണ് വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്നത്. അന്താരാഷ്ട്ര സ്വർണ വില താഴ്ന്നു. ട്രോയ് ഔൺസിന് 2006 ഡോളറിൽ നിന്ന് 1974 ലേയ്ക്ക് താഴ്ന്ന ശേഷം വാരാന്ത്യം 1992 ഡോളറിലാണ്. യു എസ് ഫെഡ് പലിശ സ്‌റ്റെഡിയായി നിലനിർത്തിയതും ഇസ്രായിൽ ഫലസ്തീൻ പ്രശ്‌നങ്ങൾ വിപണി ഇതിനകം ഉൾക്കൊണ്ടതും മുന്നേറ്റത്തിന് തടസ്സമായി. ഒക്ടോബർ രണ്ടാം പകുതിയിൽ വ്യക്തമാക്കിയ 2010 ഡോളറിലെ പ്രതിരോധം മറികടക്കാൻ കഴിഞ്ഞ വാരം നടത്തിയ ശ്രമവും വിജയിക്കാഞ്ഞത് ഒപറേറ്റർമാരുടെ ശ്രദ്ധ ലാഭമെടുപ്പിലേയ്ക്ക് തിരിക്കാം.