Sorry, you need to enable JavaScript to visit this website.

പോപ്പുലർ ഫ്രണ്ട് നിരോധത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി - പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധത്തിനെതിരെ സംഘടന നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര നിരോധം ശരിവെച്ച യു.എ.പി.എ ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണ് പി.എഫ്.ഐ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി തള്ളിയെങ്കിലും സംഘടനയ്ക്ക് ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
 ഹൈക്കോടതിയിൽ പോയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കോടതിയുടെ നിർദേശത്തോട് പി.എഫ്.എക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ യോജിച്ചു. 2022 സെപ്തംബറിലാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര അഭ്യന്തര മന്ത്രാലയം യു.എ.പി.എ നിയമപ്രകാരം നിരോധിച്ചത്. സംഘടനയുടെ നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നിരോധനം.    സംഘടനയുടെ ഓഫീസും ആസ്തികളുമെല്ലാം സീൽ ചെയ്തിട്ടുണ്ട്. പല മുതിർന്ന നേതാക്കളും ജാമ്യം ലഭിക്കാതെ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങൾ നേരിടുന്നതായി സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
 പി.എഫ്.ഐ നിരോധം ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചിരുന്നു. എന്നാൽ, തങ്ങളുടെ വാദം കേൾക്കാതെയാണ് നിരോധം ശരിവെച്ചതെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വാദം. ഇക്കാര്യം അവർ സുപ്രിംകോടതിയിലും ആവർത്തിച്ചെങ്കിലും കോടതി കേസിന്റെ മെറിറ്റിലേക്ക് പോകാതെ, സംഘടന എന്തുകൊണ്ട് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്ന് ചോദിക്കുകയായിരുന്നു. ഇനി ഹൈക്കോടതി വിധിക്കുശേഷം ആക്ഷേപമുണ്ടെങ്കിൽ സംഘടനക്ക് സുപ്രിംകോടതിയെ സമീപിക്കാം.

Latest News