ആവശ്യത്തിന് ജീവനക്കാരില്ല, ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായി പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി

കാസര്‍കോട് - ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന തസ്തികകള്‍ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.  വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ നിരാശരായി മടങ്ങുന്നത് പതിവായിരിക്കുകയാണ്. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം. സ്ഥലം മാറിപ്പോകുന്ന ജീവനക്കാര്‍ക്ക് പകരം നിയമനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരം നിയമനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.

 

Latest News