വിമര്‍ശിക്കാന്‍ വേശ്യയെന്ന വാക്കോ; ഹിന്ദുത്വവാദി രണ്ടാഴ്ച വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- സനാതന ധര്‍മ്മത്തിന്റെ രക്ഷകനെന്ന് അവകാശപ്പെടുന്നയാള്‍ വേസി (വേശ്യ) പോലുള്ള മോശം വാക്കുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.
പ്രതി ശ്രീരംഗം സ്വദേശിയായ രംഗരാജന്‍ നരസിംഹന്‍ എന്നയാള്‍ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. അങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയ വിഷമുക്തമാക്കണം.
വ്യവസായി വേണു ശ്രീനിവാസന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ ഉത്തരവിടുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.നിഷ ബാനുവും എന്‍.മാലയും ഈ നിരീക്ഷണം നടത്തിയത്.
നരസിംഹന്‍ മാപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട രണ്ട് ട്വീറ്റുകള്‍ നേരത്തെ കോടതിയലക്ഷ്യ നടപടിക്കിടെ വിശകലനം ചെയ്തതായി ജഡ്ജിമാര്‍ പറഞ്ഞു. നരസിംഹന്‍ മാപ്പ് പറഞ്ഞ ട്വീറ്റും വ്യവസായിക്കെതിരായ ട്വീറ്റുമാണ് പരിശോധിച്ചത്.
വ്യവസായിക്കെതിരെ നല്‍കിയ ട്വീറ്റ്  ഇദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നതില്‍നിന്ന് വിലക്കി 2022 സെപ്റ്റംബര്‍ രണ്ടിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമല്ലെന്ന് ജഡ്ജിമാര്‍ വിലയിരുത്തി. ചെന്നൈയിലെ കപാലീശ്വര ക്ഷേത്രത്തില്‍ നിന്നുള്ള മയില്‍ വിഗ്രഹം കാണാതയതുമായി ബന്ധപ്പെട്ടാണ് വിവാദം.
അതേസമയം, ലൈംഗികത്തൊഴിലാളികളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വേസി എന്ന വാക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നും സനാതന ധര്‍മ്മത്തിന്റെ രക്ഷകനെന്ന് അവകാശപ്പെടുന്നയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മോശം വാക്ക് ഉപയോഗിക്കരുതെന്നും ജഡ്ജിമാര്‍ പറഞ്ഞു. ഇത്തരം അരോചകമായ വാക്കുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല- ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
നരസിംഹന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാന്യതയും മര്യാദയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം  മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിട്ടുനിന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിഷവിമുക്തമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കണം.  പ്രായമായവുരം യുവാക്കളുമൊക്കെ ഒരുപോലെ ഉപയോഗിക്കുന്നതാണ് സോഷ്യല്‍ മീഡിയ.  
പ്രതി കോടതിയില്‍ നല്‍കിയ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് 2022 ഒക്ടോബര്‍ 30 ന് നല്‍കിയ മറ്റൊരു ട്വീറ്റ് വ്യക്തമായും കോടതിയുടെ കോടതിയുടെ അന്തസ്സും അധികാരവും ചോദ്യം ചെയ്യുന്നതാണെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
ഈ ട്വീറ്റിന് നരസിംഹന് 2,000 രൂപ പിഴ ചുമത്തിയ ജഡ്ജിമാര്‍ പിഴ തുക നാലാഴ്ചയ്ക്കകം അടയ്ക്കാനും നിര്‍ദേശിച്ചു.

 

Latest News