Sorry, you need to enable JavaScript to visit this website.

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; ചര്‍ച്ച സജീവം

തിരുവനന്തപുരം- മന്ത്രിസഭ പുനസ്സംഘടിപ്പിച്ച് മുന്‍ മന്ത്രി ഇ.പി ജയരാജനെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായതായി റിപോര്‍ട്ട്. ബന്ധുനിമയന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട വന്ന ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. ഈ കേസില്‍ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗം ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. എല്‍.ഡി.എഫ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗം വിളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എല്‍.ഡി.എഫ് ഘടക കക്ഷികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ നിലപാട് ഇപ്പോള്‍ മയപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജയരാജന് വീണ്ടും സാധ്യത തെളിഞ്ഞത്.

ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനു പകരം ആര്‍ക്കു ചുമതല നല്‍കണമെന്നതു സംബന്ധിച്ചും സിപിഎം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഈ മാസം 17-നാണ് പോകുന്നത്. ഇതിനു മുമ്പായി ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കും. ജയരാജന്റെ മടങ്ങിവരവിനോപ്പം ചില വകുപ്പുകളിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. സ്പീക്കര്‍ പദവിയിലേക്ക് പുതിയൊരാളെ പരിഗണക്കുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

നേരത്തെ ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് രാജിവച്ച മന്ത്രി ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയതോടെയാണ് ജയരാജന്റെ തിരിച്ചു വരവും ചര്‍ച്ചയായത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറെ 142-ാം ദിവസം 2016 ഒക്ടോബര്‍ 14-നാണ് വ്യവസായ വകുപ്പു മന്ത്രി പദവിയില്‍ നിന്നും ജയരാജന്‍ രാജിവച്ചത്. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. 


 

Latest News