കളമശ്ശേരി സ്‌ഫോടന കേസ്: ഡൊമനിക് മാര്‍ട്ടിന്‍ 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ദുബായ് ബന്ധം അന്വേഷിക്കും

കൊച്ചി - കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ്  കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഡൊമനിക് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേ സമയം തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും കേസ് താന്‍ ഒറ്റയ്ക്ക് വാദിക്കാമെന്നുമുള്ള നിലപാട് കോടതിയില്‍ ആവര്‍ത്തിക്കുകയാണ് പ്രതി ചെയ്തത്. പോലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.  
പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടന വസ്തുക്കള്‍ മാര്‍ട്ടിന്‍ പല സ്ഥലങ്ങളില്‍ നിന്നാണ് വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. 

 

Latest News