ഗാസ- വൈദ്യുതിയും ഇന്റർനെറ്റും പൂർണമായും വിച്ഛേദിച്ച് ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്നത് അതിക്രൂര വേട്ട. ഇന്ന് വൈകിട്ട് തുടങ്ങിയ നരമേധം ഇപ്പോഴും തുടരുകയാണ്. ലോകത്തിന്റെ കണ്ണിൽനിന്ന് ഗാസയെ മറച്ചാണ് ഇസ്രായിലിന്റെ ക്രൂരവേട്ട തുടരുന്നത്. ഇസ്രായിലിന് ആവശ്യമായ മുഴുവൻ സഹായങ്ങളും അമേരിക്ക നൽകുന്നത് തുടരുകയാണ്. നാലായിരത്തോളം കുട്ടികൾ അടക്കം പതിനായിരത്തോളം ഫലസ്തീനികളുടെ ജീവനെടുത്ത ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കാനും വെടിനിർത്തൽ നടപ്പാക്കാനും ഫലസ്തീൻ സംഘർഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള ശ്രമങ്ങൾക്കും സമ്മർദങ്ങൾക്കും പുല്ലുവില കൽപിച്ചാണ് അമേരിക്ക മുന്നോട്ടുനീങ്ങുന്നത്. ഗാസയിൽ ഇപ്പോൾ വെടിനിർത്തൽ നടപ്പാക്കുന്നതിനെ അമേരിക്ക എതിർക്കുന്നതായി ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ അറബ് വിദേശ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലൂടെ വീണ്ടും സംഘടിക്കാനും ഇസ്രായിലിനെ വീണ്ടും ആക്രമിക്കാനും ഹമാസിന് കഴിയും എന്നതാണ് അമേരിക്കയുടെ കാഴ്ചപ്പാട്.
മാനുഷിക ലക്ഷ്യങ്ങളോടെയുള്ള താൽക്കാലിക വെടിനിർത്തലുകളെ അമേരിക്ക പിന്തുണക്കുന്നു. എന്നാൽ ഈ നിർദേശത്തെ ഇസ്രായിൽ നിരാകരിക്കുകയാണ്. സംഘർഷത്തിൽ മറ്റൊരു യുദ്ധമുന്നണി തുറക്കുന്നതിൽ നിന്ന് മറ്റു രാജ്യങ്ങളെയും സർക്കാരേതര ഗ്രൂപ്പുകളെയും തടയുന്നതിന് സ്വാധീനവും ശേഷികളും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് താനും അറബ് വിദേശ മന്ത്രിമാരും ധാരണയിലെത്തി. സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിൽ മധ്യപൗരസ്ത്യദേശത്തും പുറത്തുമുള്ള അറബ് രാജ്യങ്ങൾ പ്രധാന പങ്ക് വഹിച്ചു. ഗാസക്കുള്ള സഹായങ്ങൾ ത്വരിതപ്പെടുത്തേണ്ടതും വെസ്റ്റ് ബാങ്കിൽ ജൂത തീവ്രവാദ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫലസ്തീൻ പൗരന്മാർക്ക് സംരക്ഷണം നൽകേണ്ടതും ആവശ്യമാണെന്ന് താനുമായി നടത്തിയ കൂടിക്കാഴ്ചയിലും ചർച്ചയിലും അറബ് വിദേശ മന്ത്രിമാർ ആവശ്യപ്പെട്ടതായും ആന്റണി ബ്ലിങ്കൻ പറഞ്ഞു.