ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ കാണാതായ ഭര്‍ത്താവിനെത്തേടി പോലീസ് അന്വേഷണം

പത്തനംതിട്ട - ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ കാണാതായ ഭര്‍ത്താവിനെത്തേടി പോലീസ്. ഇയാള്‍ കാറില്‍ വെച്ച് കൈഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ പോലീസ് കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പാലക്കാട് സ്വദേശിനി പന്തളം ഉള്ളന്നൂര്‍ ശ്രീനിലയത്തില്‍ പുത്തന്‍ വീട്ടില്‍ അരുണ്‍ ബാബുവിന്റെ ഭാര്യ ലിജി (25) ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് അരുണ്‍ ബാബുവിനെ കാണാതാവുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ലിജി വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ അരുണ്‍ ബാബുവും അയല്‍പക്കത്തുള്ള രണ്ടു പേരും ചേര്‍ന്ന് ലിജിയെ പന്തളത്തെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടുപിന്നാലെ അരുണ്‍ ബാബു ഫോണ്‍ കൂടെ വന്നവരെ ഏല്‍പ്പിച്ച് ആശുപത്രിയില്‍ നിന്നും കാറുമെടുത്ത് പുറത്തേക്ക് പോയി. പിന്നീട് മടങ്ങി വന്നില്ല. ഞായറാഴ്ച രാവിലെ മാവേലിക്കര വെട്ടിയാര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ വെച്ച് അരുണ്‍ ബാബു കൈയ്യുടെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമച്ചതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു. അതിന് ശേഷം ആറ്റില്‍ ചാടിയതായി സംശയിച്ചെങ്കിലും വെണ്‍മണി പോലീസും അഗ്‌നി രക്ഷാസേനയും പരിശോധന നടത്തിയെങ്കിലും അരുണ്‍ ബാബുവിനെ കണ്ടെത്താനായിട്ടില്ല.

 

Latest News