Sorry, you need to enable JavaScript to visit this website.

വർഗബോധമില്ലാത്ത ആൾക്കാരെ  ആദ്യമായി കണ്ടതിന്റെ ഞെട്ടലിൽ തന്നെയാണ് ഞാൻ

തൃശൂർ- സുരേഷ് ഗോപിയെ പോലുള്ള ആണുങ്ങളെയാണ് എന്റെ ജീവിതത്തിലെ പകുതിഭാഗവും ഞാൻ കണ്ടതെന്നും രണ്ടാം തവണയാണ് സുരേഷ് ഗോപി തന്നെ അവഹേളിക്കുന്നതെന്നും തൃശൂരിൽ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ അവഹേളത്തിന് ഇരയായ മാധ്യമ പ്രവർത്തക സൂര്യ സുജി. ഫെയ്‌സ്ബുക്കിലാണ് വിമർശനം. കഴിഞ്ഞ ദിവസം ചാവക്കാട് ചാവക്കാട് വെച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന റാലിക്കിടെയും സുരേഷ് ഗോപി മോശമായി പെരുമാറിയെന്നും സൂര്യ സുജി പറഞ്ഞു. 
സൂര്യ സുജിയുടെ വാക്കുകൾ:
ചാവക്കാട് ബി.ജെ.പി പരിപാടിയിൽ പതാക കൈമാറിയത് സുരേഷ് ഗോപിയായിരുന്നു. മറ്റു മാധ്യമപ്രവർത്തകരോടൊപ്പം ബൈറ്റ് എടുക്കാൻ ഞാനും ചെന്നിരുന്നു. സ്‌റ്റേജിൽ നിന്നും സുരേഷ് ഗോപി ഇറങ്ങിവരുന്ന സമയത്ത് തൊട്ടടുത്തുനിന്ന് എന്നെ നോക്കി അയാൾ പറഞ്ഞു. എന്റെ അടുത്ത് വന്നാൽ ഞാനും കേസെടുക്കുമെന്ന്. പരിഹസിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.
അതുകേട്ടും ചിരിക്കാൻ കുറെ ആളുകൾ. അന്ന് ഞാൻ പ്രതികരിച്ചില്ല. ഇന്നലെ നടന്ന സംഭവം രണ്ടാമത്തെതാണ്. ഗിരിജ തിയേറ്ററിൽ സുരേഷ് ഗോപി സിനിമ പ്രമോഷന്റെ ഭാഗമായി വരുന്നുണ്ടെന്ന് പറഞ്ഞു. അതിരൂപതയുടെ വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം ചോദിക്കാനാണ് മറ്റ് ആൺ മാധ്യമപ്രവർത്തകരോടൊപ്പം ഞാൻ പോയത്. എന്നെ കണ്ടതും സുരേഷ് ഗോപി കൈകൂപ്പി നിന്നു. പിന്നീട് ഒരു പരിഹാസ ചിരി. രണ്ടാമതായി സുരേഷ് ഗോപിയുടെ തൊട്ടടുത്തുനിന്ന് മനോരമ റിപ്പോർട്ടറുടെ തോളിൽ കൈവച്ചു. ഇങ്ങനെ കൈവെക്കുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന് അയാളോട് ചോദിച്ചു..
ഒരു കുഴപ്പവുമില്ല എന്ന് ചിരിച്ചുകൊണ്ട് അയാൾ മറുപടിയും പറഞ്ഞു. ആ റിപ്പോർട്ടറെ സംബന്ധിച്ചിടത്തോളം മീഡിയ വൺ റിപ്പോർട്ടർക്ക് ഉണ്ടായ അപമാനത്തേക്കാൾ വലുതാണ് സുരേഷ് ഗോപിയോടുള്ള ആത്മബന്ധം. ഈ ചോദ്യം സുരേഷ് ഗോപി എന്റെ മുഖത്തുനോക്കി പിന്നീട് ചോദിച്ചു..
അപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. ചോദ്യം ചോദിക്കാനായി ഞാൻ മൈക്ക് നീട്ടിയതും  സുരേഷ് ഗോപി പറഞ്ഞു, നിങ്ങളെയൊക്കെ കാണുന്നത് തന്നെ ഇപ്പോൾ പേടിയാണെന്ന്. 
അപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ചെയ്തത് തെറ്റാണെന്ന് നിങ്ങൾ പറഞ്ഞിട്ടും എന്തിനിങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. പിന്നീട് ഞാൻ കണ്ടത്  മുഖത്തിന്റെ കോലം ഒക്കെ അങ്ങ് മാറി കണ്ണുതുറപ്പിച്ച്  നോക്കുന്ന സുരേഷ് ഗോപിയാണ്. ആളാവരുത് ആളാവരുതെന്ന് രണ്ടുവട്ടം അയാൾ നിലവിളിച്ചു.
ഞാൻ സംസാരിക്കുന്നതിനിടയിലും മനോരമ റിപ്പോർട്ടർ പറഞ്ഞു. നമുക്ക് ബൈറ്റ് എടുക്കാം ഈ വിഷയം പിന്നീട് സംസാരിക്കാം എന്ന്.
അപ്പോഴും ഞാൻ തുടർന്നു. കാരണം മീഡിയവൺ റിപ്പോർട്ടർ അനുഭവിച്ച വിഷമം മനോരമ റിപ്പോർട്ടർക്ക് ഒരിക്കലും മനസ്സിലാവില്ല.
 അതുകൊണ്ടാണല്ലോ ചിരിച്ച് തോളിൽ കൈ വെക്കാനുള്ള അനുവാദം കൊടുത്തത്. പിന്നീട് അയാൾ പറയുന്നു കോടതിയിലുള്ള കേസ് ആണെന്ന്.
 എന്ത് കോടതിയിൽ ആണെങ്കിലും  എന്ന് ഞാൻ പറഞ്ഞ മുഴുമുപ്പിക്കും മുന്നേ ആ  വാചകം അയാൾ വളച്ചൊടിക്കുന്നു. പിന്നീട് ഞാൻ കോടതിക്കെതിരെ സംസാരിച്ചു എന്ന് പറയുന്നു. അത്രയും സമയം സുരേഷ് ഗോപി എന്നോട് അപമര്യാദയായി പെരുമാറിയിട്ടും കൂട്ടത്തിലുള്ള വർഷങ്ങളോളം മാധ്യമ പാരമ്പര്യമുണ്ട് എന്ന് പറഞ്ഞ ഒരു മാധ്യമപ്രവർത്തകൻ പോലും അത് എതിർത്തിട്ടില്ല. പിന്നീട് സുരേഷ് ഗോപി എല്ലാവരോടും ചോദിച്ചു ബൈറ്റ് വേണമെങ്കിൽ എന്നോട് മാറി പോകാൻ പറയാം. എല്ലാ റിപ്പോർട്ടർമാരും എന്റെ മുഖത്ത് നോക്കി. കാരണം ഞാൻ പുറത്തു പോയാലല്ലേ അവർക്ക് പ്രതികരണം കിട്ടു. അങ്ങനെ ഞാൻ അവിടെ നിന്നിറങ്ങി. പിന്നീട് സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ സൂക്കേടാണ് ഇവൾമാർക്കൊക്കെ...
 ഒരു സ്ത്രീയെ ഇത്രകണ്ട് അപമാനിച്ചിട്ടും, നീതിക്കും ന്യായത്തിനും വേണ്ടി പ്രസംഗിക്കുന്ന മറ്റുള്ളവരുടെ പ്രശ്‌നത്തെ വലിയ രീതിയിൽ കാണുന്ന മാധ്യമപ്രവർത്തകൻ അവിടെ കപ്പലണ്ടി ചവച്ചു നിൽക്കുകയായിരുന്നു. മീഡിയ വണ്ണിലെ റിപ്പോർട്ടർ ഒഴികെ മറ്റ് റിപ്പോർട്ടർമാർ അവിടെ ഉണ്ടായിരുന്നു.
 സംഭവത്തിനുശേഷം മീഡിയ വൺ റിപ്പോർട്ടർ മാത്രമാണ് കാര്യങ്ങൾ തിരക്കി വന്നത്. ഈ 24 മണിക്കൂർ കഴിഞ്ഞിട്ടും മറ്റ് റിപ്പോർട്ടർമാർ എന്റെ മുഖത്ത് പോലും നോക്കിയില്ല. രണ്ടു പൊതു പരിപാടികളിൽ വച്ച് ഈ മാധ്യമപ്രവർത്തകരെ ഒക്കെ ഞാൻ കണ്ടു. സുരേഷ് ഗോപിയോട് വിധേയപ്പെട്ട് നിൽക്കാതിരിക്കുക എന്നത് എന്റെ രാഷ്ട്രീയമാണ്. അതിന് കാരണം ഞാൻ ഒരു സ്ത്രീയാണ് എന്നുള്ളതാണ്. അതിലുപരി ഞാൻ പഠിച്ചത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. ഒരു വനിതാ മാധ്യമപ്രവർത്തക അവിടെ അപമാനിക്കപ്പെട്ടാലും ബ്രേക്കിങ്ങിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മറ്റ് മാധ്യമ പ്രവർത്തകർ. സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത് ശരിയാണ്. വർഗ്ഗബോധമില്ലാത്ത ആൾക്കാരെ  ആദ്യമായി കണ്ടതിന്റെ ഞെട്ടലിൽ തന്നെയാണ് ഞാൻ. ഇത്രയും കാലം ചേട്ടാ എന്ന് ഞാൻ വിളിച്ച ആളുകൾ. എനിക്കൊരു പ്രശ്‌നം ഉണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്തത്തിൽ, അത് തെറ്റാണെന്ന് പറയാൻ മടിച്ചതിൽ എനിക്ക് ആദ്യം വിഷമം തോന്നിയിരുന്നു. ഇനിയിപ്പോൾ അവർ എന്ത് മലമറിക്കുന്ന ബ്രേക്കിംഗ് അടിച്ചാലും  അവരുടെ മാധ്യമപ്രവർത്തനമൊക്കെ പ്രഹസനം എന്ന് മാത്രമേ  എനിക്ക് പറയാനുള്ളു. ഞാൻ മാധ്യമപ്രവർത്തനം ചെയ്യുന്നത് ആരുടെയും പി.ആർ വർക്ക് അല്ല....
 എന്റെ ബോധ്യവും എന്റെ ശരിയുമാണ് എന്റെ വാക്കുകൾ. എന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുണ്ട് ബിജെപിയുടെ സുരേഷ് ഗോപി വക്താക്കൾ. എന്റെ രാഷ്ട്രീയം എന്റേത് മാത്രമാണ്. എന്റെ രാഷ്ട്രീയം ഒരിക്കലും ഞാൻ എന്റെ മാധ്യമപ്രവർത്തനത്തിൽ  ഉപയോഗിച്ചിട്ടില്ല. ഞാനൊരു ഇടതുപക്ഷക്കാരിയാണ്. ഒരു സഖാവിന്റെ മകളാണ്. അതുതന്നെയായിരിക്കും എന്റെ രാഷ്ട്രീയം..
 

Latest News