Sorry, you need to enable JavaScript to visit this website.

എൻ.ഡി.എയിൽ ചേരുന്നതിനു സി.കെ.ജാനുവിനു കോഴ: കുറ്റപത്രം ഉടൻ

കൽപറ്റ-ജനാധിപത്യ രാഷ്ടീയ പാർട്ടിയെ(ജെ.ആർ.പി)രണ്ടാമതും എൻ.ഡി.എയുടെ ഭാഗമാക്കുന്നതിനു ആദിവാസി നേതാവ് സി.കെ.ജാനുവിനു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ലക്ഷക്കണക്കിനു രൂപ കോഴ നൽകിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം വൈകാതെ സമർപ്പിച്ചേക്കും. കുറ്റപത്ര സമർപ്പണത്തിനു മുന്നോടിയായാണ് ചോദ്യം ചെയ്യുന്നതിനു ഹാജരാകണമെന്നു നിർദേശിച്ച് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതെന്നാണ് സൂചന. ഈ മാസം 14ന്  രാവിലെ 11ന് കൽപറ്റ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. 
ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്നു ജെ.ആർ.പി സംസ്ഥാന ട്രഷറർ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്. ജെ.ആർ.പിയെ എൻ.ഡി.എയിൽ ചേർക്കുന്നതിന് സി.കെ.ജാനുവിനു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്  കെ.സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്നാണ് പ്രസീത ആദ്യം വെളിപ്പെടുത്തിയത്. ഇതിനു ഉപോദ്ബലകമായ ശബ്ദരേഖയും അവർ പുറത്തുവിട്ടു. പിന്നീടാണ് ജാനുവിനു ബി.ജെ.പി നേതൃത്വം 25 ലക്ഷം രൂപ നൽകിയെന്ന  വെളിപ്പെടുത്തൽ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മാർച്ച് 26നു സുൽത്താൻബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ആർ.പി നേതാവുമായ ജാനുവിനു ബി.ജെ.പി നേതൃത്വം പാർട്ടി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മുഖേന ബത്തേരി കോട്ടക്കുന്നിലെ മണിമല ഹോംസ്റ്റേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പ്രസീത പറഞ്ഞത്. ഇതേത്തുടർന്ന് അക്കാലത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സമർപ്പിച്ച ഹരജിയിൽ കൽപറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചതനുസരിച്ചു ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ.അരവിന്ദ് സുകുമാറാണ്  ക്രൈംബ്രാഞ്ചിനു വിട്ടത്.
കേസിൽ പ്രസീത,  ബി.ജെ.പി സംഘടനാ സെക്രട്ടറിയായിരുന്ന എം.ഗണേഷ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് മലവയൽ, ബത്തേരി മേഖലാ സെക്രട്ടറിയായിരുന്ന കെ.പി.സുരേഷ്, കൽപറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ തുടങ്ങിയവരുടെ മൊഴി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ജാനുവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സി.പിഎ.ം മുൻ ജില്ലാ സെക്രട്ടറിയുമായ ശശീന്ദ്രന്റെ മൊഴിയെടുത്തത്. 
പ്രസീത, ജെ.ആർ.പി സംസ്ഥാന സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രകാശൻ മൊറാഴ, കോഓർഡിനേറ്ററായിരുന്ന ബിജു അയ്യപ്പൻ എന്നിവർ മാനന്തവാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിൽ രഹസ്യമൊഴിയും  നൽകിയിട്ടുണ്ട്.  ക്രൈംബ്രാഞ്ച് അപേക്ഷിച്ചതനുസരിച്ചാണ് കോടതി ഇവരുടെ രഹസ്യമൊഴിയെടുത്തത്. 
തെരഞ്ഞെടുപ്പു പ്രചാരണകാലത്തു സ്ഥാനാർഥി ജാനുവും പ്രസീത ഉൾപ്പെടെ ജെ.ആർ.പി നേതാക്കളും ദിവസങ്ങളോളം താമസിച്ചിരുന്നതു മണിമല ഹോംസ്റ്റേയിലാണ്. പ്രസീത അഴീക്കോടിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് സംഘം ഹോംസ്റ്റയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. 
നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയുമായി നിയമരഹിത ധന ഇടപാടുകൾ നടന്നിട്ടില്ലെന്നാണ് സി.കെ.ജാനുവിന്റെ വാദം.
 

Latest News