ടെൽഅവീവ്- ഗാസയിലെ ഹാമാസ് നേതാവ് യഹ് യ സിൻവറിനെ ഗാസക്കാർ കൊലപ്പെടുത്തിയാൽ യുദ്ധം നീണ്ടുപോകില്ലെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഇസ്രായിൽ സൈന്യം ഹാമാസിന്റെ ഓരോ ബറ്റാലിയനേയും ഇല്ലാതാക്കുകയാണെന്നും യഹ് യ സിൻവറിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെക്ക്, വടക്ക് ഭാഗങ്ങളിൽ നിന്ന് ഗാസ നഗരത്തിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായിൽ സൈന്യം ആക്രമണം നടത്തുകയാണെന്നും നഗരപ്രദേശങ്ങളിലേക്ക് കടന്നതായും ഗാലന്റ് അവകാശപ്പെട്ടു. യുദ്ധം അവസാനിക്കുന്നതോടെ ഗാസയിൽ ഹമാസ് ഉണ്ടാകില്ല. തുടർന്ന് ഗാസയിൽ നിന്ന് ഇസ്രായിലിനുനേരെ ഒരു സുരക്ഷാ ഭീഷണിയും ഉണ്ടാകില്ല, ഗാസയിൽ തല ഉയർത്തുന്ന ആർക്കുമെതിരെ ഏത് സുരക്ഷാ നടപടി സ്വീകരിക്കാൻ ഇസ്രായിലിന് സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
സൈനികരെ ആക്രമിക്കാൻ തുരങ്കങ്ങളിൽ നിന്ന് പുറത്തുവരാൻ ഹമാസ് പ്രവർത്തകർ നടത്തിയ നിരവധി ശ്രമങ്ങളെ കാലാൾപ്പടയും ടാങ്കുകളും നേരിട്ട് പരാജയപ്പെടുത്തിയെന്നാണ് ഇസ്രായിൽ സൈന്യം അവകാശപ്പെടുന്നത്.