Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ് ;കോൺഗ്രസ് ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു

സുക്മ-  അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ രാമരാജ്യത്തിന്റെ തുടക്കമാകുമെന്നും രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനമുണ്ടാകില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അവകാശപ്പെട്ടു.ഛത്തീസ്ഗഢിലെ കോണ്ടയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ഒമ്പതര വർഷത്തെ  ഭരണകാലത്ത്  'രാമരാജ്യ'ത്തിന് അടിത്തറയിട്ടതായും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് വീട്, ടോയ്‌ലറ്റ്, ടാപ്പ് വെള്ളം, ആരോഗ്യ ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതികളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് ലൗ ജിഹാദിനെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനുവരിയിൽ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാകുമെന്നും ഇക്കാര്യത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾ യുപിയേക്കാൾ സന്തോഷിക്കണമെന്നും ഛത്തീസ്ഗഡാണ് ശ്രീരാമന്റെ മാതൃസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുന്നതോടെ രാജ്യത്ത് രാമരാജ്യ പ്രഖ്യാപനത്തിന്റെ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം ഇല്ലാത്ത ഭരണമാണ് രാമരാജ്യം. ദരിദ്രരും  ആദിവാസികളും ഉൾപ്പെടെ എല്ലാവരിലും പദ്ധതികളുടെ പ്രയോജനങ്ങൾ എത്തിച്ചേരും. എല്ലാവർക്കും സുരക്ഷയും സൗകര്യങ്ങളും വിഭവങ്ങളിൽ അവകാശങ്ങളും ലഭിക്കുന്നു. ഇതാണ് രാമരാജ്യമെന്ന് ആദിത്യനാഥ് വിശദീകരിച്ചു. 

രാമക്ഷേത്ര നിർമ്മാണത്തിൽ കോൺഗ്രസ് തടസ്സം സൃഷ്ടിച്ചിരുന്നുവെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.ലൗ ജിഹാദ്, മതപരിവർത്തനം തുടങ്ങിയ പ്രവർത്തനങ്ങളിൽ കോൺഗ്രാസ് സർക്കാർ മൗനം പാലിക്കുകയാണ്. എല്ലാ വിധത്തിലും ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കോൺഗ്രസ് സ്വയം ഒരു പ്രശ്നമായി മാറിയിരിക്കയാണെന്നും എത്രയും വേഗം ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഞങ്ങള പിന്തുണക്കുക- അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചു.

കൽക്കരി, മദ്യം, ഖനനം, പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള റിക്രൂട്ട്‌മെന്റ് എന്നിവയിൽ ബാഗേൽ സർക്കാർ അഴിമതി നടത്തിയെന്നും ആദിത്യനാഥ് ആരോപിച്ചു. നവംബർ 7 ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 സീറ്റുകളിൽ കോണ്ടയും ഉൾപ്പെടുന്നു.

90 അംഗ നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.

Latest News